അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി; തൃണമൂല്‍ സ്ഥാനാഥിയാകാന്‍ കഴിയില്ല; സ്വതന്ത്രനായി മത്സരിക്കാം; സ്ഥിരീകരണം വൈകിട്ടോടെ; വിവാദമുണ്ടാക്കാനുള്ള നീക്കമെന്നു സംശയിച്ച് ഇടതുവലതു മുന്നണികള്‍; പത്തുപേരുടെ ഒപ്പില്ല എന്നതില്‍ സാങ്കേതിക തടസം

നിലമ്പൂര്‍: പി.വി. അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കഴിയില്ലെന്നും സ്വതന്ത്ര സ്ഥനാര്‍ഥിയായി മത്സരിക്കാമെന്നും വരണാധികാരികള്‍ അറിയിച്ചതെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിനു ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതിനാല്‍ പത്തുപേര്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ടതുണ്ട്. ഈ സാങ്കേതികത്വമാണ് സൂഷ്മപരിശോധനയില്‍ ചൂണ്ടിക്കാട്ടിയതെന്നാണു വിവരം. മൊത്തം രണ്ടു പത്രികയാണ് അന്‍വര്‍ സമര്‍പ്പിച്ചത്. ഇതില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ തടസമുണ്ടാകില്ല. ഇതു സംബന്ധിച്ച സ്ഥിരീകരണം ഇന്നു വൈകീട്ടോടെ മാത്രമേ പുറത്തുവരൂ.
എന്നാല്‍, ടിഎംസി എന്ന പേരില്‍ മത്സരിക്കുന്നതു തടയാനാകില്ലെന്നാണ് അന്‍വറിന്റെ നിലപാട്. അഭിഭാഷകരുമായി ബന്ധപ്പെടുന്നുണ്ടെന്നും വരണാധികാരിയുടെ നിലപാട് തെറ്റെന്നും അന്‍വര്‍ പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണു നാമ നിര്‍ദേശ പത്രിക നല്‍കിയത്. തൃണമൂല്‍ നേതാക്കളും സൂഷ്മതതോടെയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. സാങ്കേതികപരമായ കാരണങ്ങളാല്‍ പത്രിക തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെയാണോ ഒരാള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇടയ്ക്കിടെ വിവാദങ്ങള്‍ അഴിച്ചുവിടുന്ന വ്യക്തിയെന്ന നിലയില്‍ എല്ലാവരും അന്‍വറിന്റെ നടപടികളെ സംശയത്തോടെയാണു കാണുന്നത്. നിലവില്‍ പത്രിക സ്വീകരിപ്പിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്. ഇതിനായി അദ്ദേഹത്തിന്റെ അഭിഭാഷകരും ശ്രമം തുടരുകയാണ്.