വമ്പന്‍മാരുടെ ടീം; എന്നിട്ടും മുംബൈ തോറ്റമ്പി! 2020നു ശേഷം ടീമിന് എന്തുപറ്റി? കളിച്ചത് രണ്ട് പ്ലേ ഓഫ് മാത്രം; ഈ സീസണില്‍ തുടക്കംമുതല്‍ പാളി; വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഐപിഎല്‍ 18-ാം സീസണില്‍നിന്നു പുറത്തായതിനു പിന്നാലെ മുംബൈയ്‌ക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രോഹിത് ശര്‍മയടക്കം ഇന്ത്യന്‍ ടീമിലെ പ്രമുഖ കളിക്കാര്‍ അണിനിരന്നിട്ടും വിദേശത്തുനിന്നുള്ള പരിചയ സമ്പന്നരായ സൂപ്പര്‍ താരങ്ങളെത്തിയിട്ടും വിജയിക്കാന്‍ കഴിയാതെവന്നത് ടീമിന്റെയും ക്യാപ്റ്റന്റെയും പിടിപ്പുകേടെന്നാണ് ഇര്‍ഫാന്റെ വിമര്‍ശനം. രണ്ടാം ക്വാളിഫയറില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സിനോടു അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയാണ് മുംബൈ പുറത്തായത്.
നേരത്തേ എലിമിനേറ്ററില്‍ മിന്നുന്ന ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി എത്തിയ മുംബൈയ്ക്കു അത്തരമൊരു പ്രകടനം പുറത്തെടുക്കാനായില്ല. ബാറ്റിങ് നിര തിളങ്ങിയെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനവും ഫീല്‍ഡിങിലെ ചില പിഴവുകളുമെല്ലാം മുംബൈയ്ക്കു തിരിച്ചടിയാവുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെയും അവരുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും പലപ്പോഴും വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും ഇതു കണ്ടിട്ടുള്ളതാണ്. പോയിന്റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ സീസണില്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കും പ്രകടനത്തിനുമെതിരേ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.
‘ബുംറ- നമ്പര്‍ 1, സൂര്യ നമ്പര്‍-1 ടി20 ബാറ്റര്‍, രോഹിത് ശര്‍മ- അഞ്ചു ട്രോഫികളുള്ള ക്യാപ്റ്റന്‍, ഹാര്‍ദിക്- പ്രീമിയര്‍ ഓള്‍റൗണ്ടര്‍, സാന്റനര്‍- മികച്ച ഇടംകൈയന്‍ സ്പിന്നര്‍, ട്രെന്റ് ബോള്‍ട്ട്- ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍’- ഇത്രയേറെ മാച്ച് വിന്നര്‍മാരുണ്ടായിട്ടും ഐപിഎല്‍ ട്രോഫി നേടാനായില്ല. ഈ തരത്തിലുള്ള മാച്ച് വിന്നര്‍മാരെ നിങ്ങള്‍ക്കു ഒരുപാട് ടി20 ടീമുകളില്‍ ലഭിക്കില്ല.- ഇര്‍ഫാന്‍ പറഞ്ഞു.
ഐപിഎല്ലിന്റെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെടുക്കുകയാണെങ്കില്‍ മുംബൈ ടീമിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നിട്ടില്ലെന്നു കാണാം. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് അഞ്ചാം കിരീടമുയര്‍ത്തിയ ശേഷം മുംബൈയുടെ ഗ്രാഫ് താഴേക്കാണ്.
2020നു ശേഷം രണ്ടാമത്തെ മാത്രം പ്ലേഓഫാണ് അവര്‍ ഇത്തവണ കളിച്ചത്. രണ്ടു തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തും ഒരു തവണ അഞ്ചാമതുമാണ് മുംബൈ ഫിനിഷ് ചെയ്തത്. 2023ല്‍ രണ്ടാം ക്വാളിഫയറിലേക്കു അവര്‍ യോഗ്യത നേടിയിരുന്നങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കുകയായിരുന്നു.
ഈ സീസണില്‍ മുംബൈയുടെ തുടക്കം പാളിയിരുന്നു. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. ഇതോടെ കഴിഞ്ഞ സീസണിലേതു പോലെ ഹാര്‍ദിക്കും സംഘവും വീണ്ടും പത്താംസ്ഥാനത്തേക്കു വീഴുമോയെന്നു ആരാധകരും ഭയന്നു. എന്നാല്‍ തുടക്കത്തിലെ തിരിച്ചടികള്‍ക്കു ശേഷം മുംബൈ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
തുടര്‍ച്ചയായി ആറു മല്‍സരങ്ങള്‍ ജയിച്ച മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു വരെ ഉയര്‍ന്നിരുന്നു. അതിനു ശേഷം അവരുടെ ഫോം ഇടിഞ്ഞെങ്കിലും ആദ്യ നാലില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞു. തകര്‍പ്പന്‍ ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ എലിമിനേറ്ററില്‍ വീഴ്ത്തിയതോടെ കിരീട സാധ്യതയുള്ള ടീമായും മുംബൈ മാറിയിരുന്നു. പക്ഷെ പഞ്ചാബിന്റെ ബാറ്റിംഗ് ആധിപത്യത്തിനു മുന്നില്‍ മുംബൈയുടെ ബൗളര്‍മാര്‍ തവിടുപൊടിയായി. ബുംറയടക്കമുള്ളവര്‍ അടിവാങ്ങി. ബുംറയുടെ അതിഗംഭീര യോര്‍ക്കറുകള്‍പോയും ബൗണ്ടറി കടത്തിയാണ് ശ്രേയസ് റണ്‍സ് അടിച്ചുകൂട്ടിയത്.