
ലണ്ടന്‍: പിറവം സ്വദേശിയായ യുവാവ് യു.കെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതായി സൂചന. ദുരൂഹ സാഹചര്യത്തില്‍ ഉള്ള മരണമാണ് എന്ന് സംശയിക്കപ്പെടുമ്പോഴും പോലീസ് വെളിപ്പെടുത്തുന്നത് കസ്റ്റഡിയില്‍ ഇരിക്കവേ ഹൃദയാഘാതം സംഭവിച്ചു എന്നാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച പോലീസ് നടപടിക്ക് തുടക്കം ആകുന്നത് ഭാര്യ പോലീസ് സഹായം തേടിയതോടെയാണ്.
ഗാര്‍ഹിക പീഡനം ആരോപിച്ചാണ് നഴ്‌സായ യുവതി പോലീസ് സഹായം തേടുന്നത്. തുടര്‍ന്ന് പോലീസ് വീട്ടില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പ് സംഭവിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ തേടി എത്തിയത്. തെക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ഏതാനും മാസം മുന്‍പ് ഹാംഷെയറിലേക്ക് താമസം മാറ്റിയതായും സൂചനയുണ്ട്.

പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. എംബസി മുഖേനെയാണ് കുടുംബം ഇതിനായി തയ്യാറാകേണ്ടത്. രണ്ടു വര്‍ഷം മുന്‍പ് ലിവര്‍പൂളില്‍ കെയര്‍ വിസയില്‍ ജോലി ചെയ്തിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും കുടുംബം ഇത്തരം നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. പി.ആര്‍ അടക്കമുള്ള കാര്യങ്ങളില്‍ തിരിച്ചടി ഉണ്ടായേക്കും എന്ന ഭയമാണ് പോലീസിനെതിരെ പരാതി നല്‍കുന്നതില്‍ നിന്നും കുടുംബത്തെ പിന്തിരിപ്പിച്ചത്.