
കോട്ടയം: കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ മുന്‍വശത്തെ പൂട്ടു തകര്‍ത്താണ് കവര്‍ച്ച. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 31 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമാണ് മോഷണം പോയത്. മാന്‍വെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടിലാണു കവര്‍ച്ച. ജോയിയും ഭാര്യ ലിസിയും ആശുപത്രിയിലായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്.
ബന്ധുവിന്റെ വിവാഹ വേളയില്‍ ധരിക്കാനായി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങളാണ് മോഷണം പോയത്. ആഭരണങ്ങള്‍ ഇന്നു രാവിലെ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം വച്ചിരുന്ന മുക്കുപണ്ടങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ടു ശനിയാഴ്ച രാത്രി തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ ഒന്‍പതിനു ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.

വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കള്‍ എത്തിയത്. ഇരുനില വീട്ടിലെ മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍, കട്ടിലിലെ കിടക്കയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലുകള്‍ കൈവശപ്പെടുത്തി അഞ്ച് അലമാരകളും മേശകളും തുറന്നാണു കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തോടൊപ്പം സൂക്ഷിച്ചിരുന്ന മുക്കുപണ്ടം തിരഞ്ഞഅ മാറ്റിവയ്ക്കുകയും ചെയ്തു.
കുറുപ്പന്തറ കല്ലറ റോഡില്‍ മാന്‍വെട്ടം പെട്രോള്‍ പമ്പിന്റെ എതിര്‍വശത്താണു വീട്. പൊലീസ് നായ കുറുപ്പന്തറ ഭാഗത്തേക്ക് ഓടി മാന്‍വെട്ടം കുരിശുപള്ളിയുടെ മുന്നിലെത്തി നിന്നു. 14 ഇടങ്ങളില്‍ നിന്നായി പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നു മോഷ്ടാക്കളുടേതെന്ന് കരുതുന്ന ചിത്രങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി കെ.ജി.അനീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അതേസമയം, ജോയിയുടെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ മേമ്മുറി കുരിശുപള്ളിക്കു സമീപം ആള്‍ത്താമസമില്ലാത്ത വീട്ടിലും കവര്‍ച്ച നടന്നതായി പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഈ കവര്‍ച്ച കണ്ടെത്തിയത്. യുകെയില്‍ ജോലി ചെയ്യുന്ന സജി പുതിയാകുന്നേലിന്റെ വീട്ടില്‍നിന്നു വില കൂടിയ വിദേശമദ്യവും പെര്‍ഫ്യൂമുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് ഇവിടെയും കവര്‍ച്ച നടത്തിയത്.