
പാലക്കാട്: നാളെ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കെ, മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് സ്വകാര്യ ബസ് ഇടിച്ചു ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂര്‍ പനവച്ചപറമ്പില്‍ കേശവന്റെ മകള്‍ പ്രസന്നകുമാരി(56) ആണു മരിച്ചത്. ഇന്നലെ രാവിലെ 11ന് ആണ് അപകടം. സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിന്‍വശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹവിരുന്നു നല്‍കാന്‍ വീട്ടിലൊരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായി. വിരുന്നൊരുക്കാന്‍ ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫീസിലേക്കു പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2019ലാണ് പ്രസന്നകുമാരി എംപ്ലോയ്‌മെന്റ് ഓഫീസറായി മണ്ണാര്‍ക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കിയിരുന്നു. ദിവസവും മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓഫിസിലേക്കു നടന്നാണു പോകാറ്. അവിവാഹിതയാണ്.