
കണ്ണൂര്‍: ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ജനുവരിയില്‍ കണ്ണൂര്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തിലെ വേട്ടയ്ക്കൊരുമകന്‍ തെയ്യത്തെ കണ്ട് തൊഴുതു വണങ്ങിയാണ് മടങ്ങിയത്. ജ്യോതിയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. അധികം പ്രശസ്തമല്ലാത്ത ക്ഷേത്രമാണിത്.
ബഡ്ജറ്റ് ഫ്രണ്ട്‌ലി കേരള യാത്ര എന്ന പേരിലാണ് കേരള സന്ദര്‍ശനത്തിന്റെ വീഡിയോ ജ്യോതി യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതിലാണ് ആലക്കോട്ടെ തെയ്യക്കാവുമുള്ളത്. 2023ലാണ് ആദ്യം കേരളത്തിലെത്തിയത്. ഏറ്റവുമൊടുവില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ നിന്നു ബംഗളൂരു വഴിയാണ് കണ്ണൂരിലെത്തിയത്. കേരളത്തില്‍ ജ്യോതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കേരള പൊലീസും വിവരങ്ങള്‍ തേടുന്നുണ്ട്. ഒരു ടൂര്‍ പാക്കേജ് ഗ്രൂപ്പ് വഴിയാണ് ജ്യോതിയുടെ യാത്രകളെന്നാണ് സൂചന.

ചാരവൃത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡാനിഷ്, ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ അലിഹസന്‍ തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതി അറസ്റ്റിലായത്. ജ്യോതിയുടെ ട്രാവല്‍ വിത്ത് ജോ എന്ന യൂട്യൂബ് ചാനലില്‍ മൂന്നു ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.