
മലപ്പുറം: ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ്, സാമുദായിക നേതാക്കള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. അവരുടെ അഭിപ്രായത്തെ എനിക്ക് തള്ളികളയാന്‍ കഴിയില്ല. വാര്‍ത്താ സമ്മേളനം വിളിച്ച് പറയാനിരുന്നത് ഇപ്പോള്‍ പറയുന്നില്ലെന്നും മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
പി.വി അന്‍വറിന്റെ മുന്നണി ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യുഡിഎഫിന്റെ നിര്‍ണായക യോഗം ചേരുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയോടുള്ള നിലപാട് വ്യക്തമാക്കാത്ത അന്‍വറിനെ സഹകരിപ്പിക്കേണ്ടെന്നാണ് മുന്നണിയിലെ പൊതുവികാരം. ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് പി.വി അന്‍വര്‍. ഈ ആവശ്യം യുഡിഎഫ് അംഗീകരിക്കില്ലെന്ന വിലയിരുത്തലില്‍ നിലമ്പൂരില്‍ മത്സരിക്കാനാണ് തൃണമൂലിന്റെ തീരുമാനം.

ആദ്യം അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കുക, ശേഷം യുഡിഎഫുമായി സഹകരിപ്പിക്കുന്നതില്‍ പ്രഖ്യാപനം..ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുഡിഎഫ്. അന്തിമതീരുമാനമെടുക്കാന്‍ രാത്രി ഏഴു മണിക്കാണ് യുഡിഎഫ് യോഗം ഓണ്‍ലൈനായി ചേരുന്നത്.
അസോസിയേറ്റ് ഘടകകക്ഷിക്കപ്പുറത്തേക്ക് അന്‍വറിനെ പരിഗണിക്കേണ്ടതില്ല എന്നതാണ് യുഡിഎഫിലെ പൊതുധാരണ. എന്നാല്‍ ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ടിഎംസി.