ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; നിലമ്പൂരില്‍ പോരിന് എം. സ്വരാജ്; പി.വി. അന്‍വര്‍ ഇടതുപക്ഷത്തെ വഞ്ചിച്ച യൂദാസ് എന്ന് എം.വി. ഗോവിന്ദന്‍; കടുത്ത മത്സരത്തിന് വഴിതുറന്ന് സ്ഥാനാര്‍ഥിത്വം

തൃശൂര്‍: നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. സ്ഥാനാര്‍ഥി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും എത്തിയത്. നേരത്തേ, എം. സ്വരാജിനുവേണ്ടി എടക്കര, നിലമ്പൂര്‍ ഏരിയ കമ്മിറ്റികള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടി അണികളും സ്വരാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുമെന്നും ഇടതു മുന്നണി വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഏറ്റവും പ്രമുഖനായ സ്ഥാനാര്‍ഥി മത്സരിക്കുകയെന്നതാണ് എല്‍ഡിഎഫ് തീരുമാനം. അന്‍വര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുത്ത യൂദാസാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പോരാട്ടമായതിനാല്‍ ശക്തനായ നേതാവിനെതന്നെ ഇറക്കുകയെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തുകയായിരുന്നു. നിലമ്പൂരില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി ഏകോപ്പിപ്പിക്കുന്നത് എം. സ്വരാജാണ്. അദ്ദേഹത്തിന്റെ സ്വന്തം നാടുകൂടിയായതിനാല്‍ മുന്‍തൂക്കം ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.

2016ല്‍ കെ. ബാബുവിനെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്തിയ സ്വരാജ്, 2021ല്‍ പരാജയപ്പെട്ടു. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി. മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് എം സ്വരാജ്.
1967ല്‍ കെ. കുഞ്ഞാലിയിലൂടെയാണ് സിപിഎം നേരിട്ടു സ്ഥാനാര്‍ഥിയെ ഇറക്കി ജയിച്ചത്. അതിനുശേഷം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ആരും മത്സരിച്ചു വിജയിച്ചില്ല. 1982ല്‍ ടി.കെ. ഹംസയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു. 1987ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് മണ്ഡലം തിരിച്ചു പിടിച്ചതിനുശേഷം മൂന്നു പതിറ്റാണ്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ തെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ സ്വതന്ത്രനായി എത്തിയ മണ്ഡലം വീണ്ടും എല്‍ഡിഎഫിന്റെ കൈകളിലെത്തിച്ചു. 2021ലും അന്‍വര്‍ 2700 വോട്ടിനു ജയിച്ചെങ്കിലും പിണറായി വിജയനോടുള്ള വിയോജിപ്പിന്റെ പേരില്‍ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. നിലവില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി സാദിഖ് നടുത്തോടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തും രംഗത്തുണ്ട്. ബിജെപി സ്ഥാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലാണ്.