CrimeNEWS

പാര്‍ക്കിങ് തര്‍ക്കം; അപ്പാര്‍ട്മെന്റ് അസോ. സെക്രട്ടറിയുടെ മൂക്ക് താമസക്കാരന്‍ കടിച്ചുപറിച്ചു

ലഖ്നൗ: അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അപ്പാര്‍ട്മെന്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ മൂക്ക്, താമസക്കാരില്‍ ഒരാള്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. നാരാമാവുവിലെ രത്തന്‍ പ്ലാനറ്റ് അപ്പാര്‍ട്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും വിരമിച്ച എന്‍ജിനീയറുമായ രൂപേന്ദ്ര സിങ് യാദവിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. അപ്പാര്‍ട്മെന്റിലെ താമസക്കാരനായ ക്ഷിതിജ് മിശ്രയാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് അനുവദിച്ച സ്ഥലത്ത് മറ്റൊരു താമസക്കാരന്‍ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന പരാതിയുമായി ക്ഷിതിജ്, രൂപേന്ദ്ര സിങ്ങിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ സുരക്ഷാജീവനക്കാരന് രൂപേന്ദ്ര സിങ് നിര്‍ദേശം നല്‍കി. എന്നാല്‍, രൂപേന്ദ്ര സിങ് താഴെ വരണമെന്ന് ക്ഷിതിജ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അദ്ദേഹം താഴെയെത്തിയപ്പോള്‍ ക്ഷിതിജ് രൂപേന്ദ്ര സിങ്ങിന്റെ കരണത്തടിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു എന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അപ്പാര്‍ട്മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Signature-ad

മൂക്കില്‍ കടിയേറ്റ് രക്തംവാര്‍ന്ന രൂപേന്ദ്ര സിങ്ങിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്റെ മുന്‍ഭാഗത്തെ മാംസം വിട്ടുപോയിട്ടുണ്ടെന്നും കൂടുതല്‍ ചികിത്സ വേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ മകള്‍ പ്രിയങ്ക പറഞ്ഞു. സംഭവത്തില്‍, രൂപേന്ദ്ര സിങ്ങിന്റെ മകന്റെ പരാതിയില്‍ ബിഠൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Back to top button
error: