CrimeNEWS

കാക്കനാട്ടെ പള്ളി വികാരി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; റാന്നിക്കാരനായ വയോധികന്‍ പിടിയില്‍

എറണാകുളം: പള്ളിവികാരി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പത്തനംതിട്ട റാന്നി സ്വദേശി ആലുക്ക വീട്ടില്‍ മാത്യുവിനെ (73) തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. അസുഖബാധിതയായ സ്ത്രീക്ക് ചികിത്സാധനസഹായമാവശ്യപ്പെട്ട് പള്ളിവികാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍നിന്ന് പണപ്പിരിവ് നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

കാക്കനാട് അത്താണി സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചിന്റെ പേരില്‍ വ്യാജലെറ്റര്‍ ഹെഡും സീലും തയ്യാറാക്കി വെച്ചൂച്ചിറ സ്വദേശിനിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ആളുകള്‍ നിക്ഷേപിക്കുന്ന പണം ഇയാള്‍ തന്നെയാണ് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിരുന്നത്. കന്യാസ്ത്രീ മഠങ്ങളെയാണ് പ്രധാനമായും തട്ടിപ്പിനായി സമീപിച്ചിരുന്നത്.

Signature-ad

സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് സെക്രട്ടറി നല്‍കിയ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃക്കാക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ സിനാജ്, സി.പി.ഒമാരായ ഇ,കെ. സുജിത്ത് , ഗുജറാള്‍ സി. ദാസ് എന്നിവര്‍ അടങ്ങിയ സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കാക്കനാട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Back to top button
error: