‘ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല’; തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഇടങ്ങളില്‍ മിസൈല്‍ ആക്രമണം; അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്ന് സുരക്ഷാ കമ്മീഷന്‍ തലവന്‍

ആണവചര്‍ച്ചകള്‍ക്കിടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിനു തിരിച്ചടിയുമായി ഇറാന്‍. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം ഉണ്ടായെന്നും അപായ സൂചനകള്‍ മുഴങ്ങിയെന്നുമാണ് രാജ്യാന്തരമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ അത് വകവയ്ക്കാതെ നടത്തിയ ആക്രമണത്തിന് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചു. ‘ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിങ്ങളൊരു പാത തുറന്നിരിക്കുകയാണ്. അതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല’- ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ കമ്മിഷന്‍ തലവന്‍ ഇബ്രാഹിം അസീസി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
ആക്രമണത്തില്‍ അമേരിക്കയുടെ പങ്കാളിത്തം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണിയെ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ പ്രതിരോധിക്കാനാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവിക സേനയെയും മിസൈല്‍ കേന്ദ്രങ്ങളെയും തകര്‍ക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മിക്കാന്‍ ശ്രമിച്ചു. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കും എന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ ആക്രമണത്തില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ ടെഹ്‌റാനിലെ മൊബൈല്‍ ഫോണ്‍ ലൈനുകള്‍ തകര്‍ന്നു. പലയിടത്തും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ദുര്‍ബലമായി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഓഫിസ് നിലനില്‍ക്കുന്നതിന് സമീപത്തായാണ് ആക്രമണം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനുമായി നടത്തിയ ആണവ ചര്‍ച്ചകളില്‍ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും മൂന്നാം ചര്‍ച്ച അലസിപ്പിരിയുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം.
ഇറാന്റെ ആയുധപ്പുരകള്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമെന്നും നേവിയെ ഉന്‍മൂലനം ചെയ്യുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ‘വലിയ മരണം’ ഇറാനില്‍ സംഭവിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ഭരണകൂടത്തെ താഴെയിറക്കാന്‍ ഇറാന്‍ ജനത ഇറങ്ങിപ്പുറപ്പെടണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.
ലോകത്ത് ഇനിമേല്‍ അസ്ഥിരതയുണ്ടാക്കാന്‍,ഭീഷണി മുഴക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് പകരം ചോദിക്കുമെന്നും ട്രംപ് കുറിച്ചു. ആണവായുധം ഒരുകാലത്തും ഉണ്ടാക്കാന്‍ കഴിയാത്ത രീതിയിലേക്ക് ഇറാനെ മാറ്റുമെന്നും യുഎസ് പ്രസിഡന്റ് പറയുന്നു. ‘ആയുധങ്ങള്‍ താഴെ വച്ചാല്‍ മാന്യമായി പരിഗണിക്കും. അല്ലെങ്കില്‍ മരണമായിരിക്കും ഫലം’ എന്നായിരുന്നു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനോട് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇറാന്‍ ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിച്ചതെന്നും അതെല്ലാം നിര്‍മൂലമാക്കാനാണ് പദ്ധതിയെന്നും ട്രംപ് പ്രഖ്യാപിച്ചു.
മൂന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. ഖമനയിയുടെ ഓഫിസിന് സമീപത്തടക്കം വലിയ സ്‌ഫോടനങ്ങളുണ്ടായി. സ്‌ഫോടനത്തിന് പിന്നാലെ ഇറാന്‍ ജനതയുടെ ഫോണുകളിലേക്ക് മൊസാദിന്റെ എസ്എംഎസ് സന്ദേശമെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിക്കാമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇസ്രയേല്‍ തങ്ങളഉടെ വ്യോമപാത അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ തിരിച്ചടി ഭയന്ന് ഖത്തറിലെ തങ്ങളുടെ എംബസിയില്‍ അമേരിക്ക സുരക്ഷ വര്‍ധിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.
#ഇറാൻമിസൈൽ, #ആണവചർച്ചകൾ, #ലോകവാർത്തകൾ, #ഇസ്രായേൽഇറാൻ, #പ്രതിരോധവാർത്തകൾ, #യുദ്ധതന്ത്രം, #മിസൈൽസാങ്കേതികവിദ്യ, #മലയാളംന്യൂസ്, #ബാലിസ്റ്റിക്മിസൈൽ, #സൈനികശക്തി
#IranMissileArsenal2026, #BallisticMissilesIran, #MiddleEastSecurity, #HypersonicMissiles, #IranNuclearTalks, #MilitaryTechnology, #GlobalDefenseNews, #TehranMilitary, #StrategicMissiles, #WorldWarUpdates






