
ന്യൂഡല്‍ഹി: 40 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതിക്കെതിരായ ആരോപണങ്ങളില്‍ വാദം കേട്ട കോടതി പ്രതി ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയാണെന്നും ഒരു കുറ്റവും ചുമത്താന്‍ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടു കയ്യും ചേര്‍ന്നാലേ കയ്യിടിക്കാനാകൂവെന്നും ജാമ്യഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്നും അവര്‍ കൊച്ചു കുട്ടിയൊന്നുമല്ലെന്നും കോടതി പറഞ്ഞു. ജാമ്യഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് ഐപിസി സെക്ഷന്‍ 376 പ്രകാരം പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്തതെന്നും കോടതി ചോദിച്ചു. ”നിങ്ങള്‍ എന്തിനാണ് 376ാം വകുപ്പ് ചുമത്തിയത്? അവള് ഒരു കൊച്ചു കുട്ടിയല്ല. ആ സ്ത്രീക്ക് 40 വയസ്സായി. അവര്‍ ഒരുമിച്ച് 7 തവണ ജമ്മുവിലേക്ക് പോയിട്ടുണ്ട്. അവരുടെ ഭര്‍ത്താവിന് അതില്‍ ഒരു പ്രശ്നവുമില്ല.” ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
സ്ത്രീ സ്വമേധയാ യുവാവിനൊപ്പം പോയതാണെന്നും എന്തടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് അയാള്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്െന്നും കോടതി ചോദിച്ചു. നാല്‍പ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറായ യുവാവിനെതിരെ ഡല്‍ഹി പൊലീസ് ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.






