
ഭുവനേശ്വര്‍: രാജ്യത്തെ ഞെട്ടിച്ച പാര്‍സല്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ മുന്‍ കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒഡീഷയിലെ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2018 ഫെബ്രുവരി 23-നാണ് ഒഡീഷയിലെ പട്നാഘട്ടില്‍ പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനായ യുവാവും ബന്ധുവായ 85 വയസ്സുകാരിയും കൊല്ലപ്പെട്ടത്. പട്നാഘട്ട് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സൗമ്യ ശേഖര്‍ സാഹു, ഇദ്ദേഹത്തിന്റെ ബന്ധുവായ ജെനമണി എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. സൗമ്യ ശേഖറിന്റെ വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമായിരുന്നു സംഭവം. സ്ഫോടനത്തില്‍ സൗമ്യ ശേഖറിന്റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വിവാഹസമ്മാനമെന്ന പേരിലാണ് പ്രതി പുഞ്ചിലാല്‍ മെഹെര്‍ ബോംബ് പാര്‍സലാക്കി അയച്ചത്. തുടര്‍ന്ന് നവദമ്പതിമാരും ബന്ധുക്കളും സമ്മാനം തുറന്നുനോക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പാര്‍സല്‍ ബോംബ് കേസായി ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സംഭവത്തില്‍ ആദ്യം ഒഡീഷ പോലീസും പിന്നീട് ഒഡീഷ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പ്രതിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിക്കാതിരുന്ന കേസില്‍ അന്വേഷണം വഴിതെറ്റിക്കാനായി പ്രതി തന്നെ പോലീസിന് എഴുതിയ ഒരു കത്താണ് വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ പ്രതിയായ പുഞ്ചിലാല്‍ മെഹെറിനെ പിടികൂടുകയായിരുന്നു.

2018 ഫെബ്രുവരി 18-നായിരുന്നു സൗമ്യശേഖര്‍ സാഹുവിന്റെയും റീമയുടെയും വിവാഹം. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് അഞ്ചാംനാളാണ് സാഹുവിന്റെ പേരില്‍ വീട്ടില്‍ ആ പാര്‍സലെത്തിയത്. വിവാഹസമ്മാനമെന്ന് പറഞ്ഞായിരുന്നു പാര്‍സല്‍ ഡെലിവറി ചെയ്തിരുന്നത്. വീട്ടില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സമയമായിരുന്നു അത്. ദമ്പതിമാരും ബന്ധുക്കളും ചേര്‍ന്ന് അടുക്കളയില്‍വെച്ച് തന്നെ വിവാഹസമ്മാനം തുറന്നുനോക്കി. പക്ഷേ, പെട്ടി തുറന്നയുടന്‍ വന്‍ പൊട്ടിത്തെറിയാണുണ്ടായത്. ഉഗ്രസ്ഫോടനത്തില്‍ സൗമ്യശേഖര്‍ സാഹുവിനും ഭാര്യയ്ക്കും ബന്ധുവായ 85-കാരിക്കും മാരകമായി പരിക്കേറ്റു. സൗമ്യശേഖറും ബന്ധുവായ 85-കാരിയും കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ റീമ ആഴ്ചകളോളം ചികിത്സയില്‍ കഴിഞ്ഞു. സ്ഫോടനത്തില്‍ വീട്ടിലെ അടുക്കളയിലും നാശനഷ്ടമുണ്ടായി. സാധനങ്ങളെല്ലാം ചിന്നിച്ചിതറി.
വിവാഹസമ്മാനമായെത്തിയ പാര്‍സല്‍ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ച സംഭവം ദേശീയ മാധ്യമങ്ങളിലടക്കം അന്ന് വലിയ വാര്‍ത്തയായിരുന്നു. പാര്‍സല്‍ ബോംബ് അയച്ചത് ആരെന്ന് കണ്ടെത്താന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ ഒഡീഷ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. നൂറിലേറെ പേരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്തു. ഒടുവില്‍ പോലീസിന് ലഭിച്ച ഒരു കത്ത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതി പുഞ്ചിലാല്‍ മെഹെര്‍ കുടുങ്ങിയത്.
കൊല്ലപ്പെട്ട സൗമ്യശേഖര്‍ സാഹുവിന്റെ അമ്മ സംഞ്ജുക്ത സാഹുവും പ്രതിയായ പുഞ്ചിലാലും ഭൈന്‍സയിലെ ജ്യോതി വികാസ് കോളേജിലെ പ്രൊഫസര്‍മാരായിരുന്നു. സഹപ്രവര്‍ത്തകയുടെ മകന്റെ വിവാഹചടങ്ങിലും പിന്നീട് സൗമ്യശേഖറിന്റെ സംസ്‌കാരചടങ്ങിലും പ്രതിയായ പുഞ്ചിലാല്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, പോലീസിനെ വഴിതെറ്റിക്കാനായി പ്രൊഫസര്‍ കാണിച്ച ‘ഓവര്‍സ്മാര്‍ട്ട്നെസ്സ്’ അയാള്‍ക്ക് തന്നെ കുരുക്കായി മാറുകയായിരുന്നു.
ജ്യോതി വികാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പലായിരുന്നു ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെര്‍. ഇയാളെ പിന്നീട് പ്രിന്‍സിപ്പല്‍ പദവിയില്‍നിന്ന് നീക്കംചെയ്യുകയും സംഞ്ജുക്ത സാഹുവിനെ പ്രിന്‍സിപ്പലായി നിയമിക്കുകയുംചെയ്തു. ഇതിന്റെ വൈരാഗ്യമാണ് പാര്‍സല്‍ ബോംബ് സ്ഫോടനത്തില്‍ കലാശിച്ചതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

പാര്‍സല്‍ ബോംബ് നിര്‍മിച്ചതും കൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കിയതും പുഞ്ചിലാല്‍ ഒറ്റയ്ക്കായിരുന്നു. കേസിലെ ഏകപ്രതിയും ഇയാളാണ്. സംഭവത്തിന് ഒരുവര്‍ഷം മുന്‍പേ തന്നെ ഇയാള്‍ പാര്‍സല്‍ ബോംബ് നിര്‍മാണത്തിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കെന്ന പേരില്‍ നിരവധി പടക്കങ്ങളും മറ്റും വാങ്ങിക്കൂട്ടിയ പ്രതി ഇതിലെ വെടിമരുന്ന് ഉപയോഗിച്ചാണ് പാര്‍സല്‍ ബോംബ് നിര്‍മിച്ചത്. ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു സ്ഫോടകവസ്തുവിന്റെ നിര്‍മാണം. ബോംബ് നിര്‍മിച്ച ശേഷം ഇതില്‍ ചിലത് പരീക്ഷിക്കുകയുംചെയ്തു. ഇതിനുശേഷമാണ് പാര്‍സല്‍ ബോംബ് വിവാഹസമ്മാനമായി അയച്ചത്.
കൃത്യത്തില്‍ പിടിക്കപ്പെടാതിരിക്കാനും തന്ത്രപരമായനീക്കങ്ങളാണ് പ്രതി നടത്തിയത്. സ്ഫോടകവസ്തുനിറച്ച പാര്‍സല്‍ തയ്യാറാക്കിയശേഷം ഒഡീഷയിലെ കാന്താബാഞ്ജി റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ഇവിടെനിന്ന് ഛത്തീസ്ഗഢിലെ റായ്പൂരിലേക്ക് ട്രെയിന്‍ കയറി. സ്ഫോടനം നടന്ന പട്നാഘട്ട് ടൗണില്‍നിന്ന് 250 കിലോമീറ്ററോളം അകലെയുള്ള റായ്പൂരിലെത്തിയശേഷം അവിടെനിന്നാണ് പ്രതി കൂറിയര്‍ ഏജന്‍സി വഴി പാര്‍സല്‍ അയച്ചത്. യാതൊരു തെളിവുകളും ഇല്ലാതിരിക്കാന്‍ സിസിടിവി ക്യാമറകളൊന്നും ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള കൂറിയര്‍ ഏജന്‍സി ഓഫീസാണ് പ്രതി തിരഞ്ഞെടുത്തത്. തുടര്‍ന്ന് കൂറിയര്‍ ഏജന്‍സിയില്‍ ‘എസ്.കെ. ശര്‍മ’ എന്ന പേരില്‍ വ്യാജവിലാസം നല്‍കി പാര്‍സല്‍ ബുക്ക് ചെയ്തു. ഇതിനുപിന്നാലെ പ്രതി ട്രെയിനില്‍ തിരികെ ഒഡീഷയിലേക്ക് മടങ്ങി.
ഫെബ്രുവരി 20-ന് ഒഡീഷയിലെ പട്നാഘട്ടിലെ കൂറിയര്‍ ഓഫീസിലെത്തിയ പാര്‍സല്‍ മൂന്നുദിവസം കഴിഞ്ഞാണ് സൗമ്യശേഖര്‍ സാഹുവിന്റെ വീട്ടിലെത്തിയത്. വിവാഹസമ്മാനമെന്ന് കരുതി നവദമ്പതിമാര്‍ ഇത് സന്തോഷത്തോടെ സ്വീകരിക്കുകയുംചെയ്തു.