
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്റെ മാനേജര്‍ വിപിന്‍ കുമാര്‍. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് മര്‍ദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് നടന്റെ പ്രഫഷനല്‍ മാനേജര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ നടനെതിരെ കേസെടുത്തു.
കാക്കനാട്ടെ ഫ്ലാറ്റില്‍വെച്ചായിരുന്നു മര്‍ദനം. ആശുപത്രിയില്‍ ചികിത്സതേടിയ ശേഷമാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി വൈകി മാനേജറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മര്‍ദനത്തിന് കാരണമെന്ന് വിപിന്‍ പറയുന്നു. ഇന്നലെ രാവിലെ കാക്കനാട്ടെ തന്റെ ഫ്ലാറ്റില്‍ വന്ന് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മര്‍ദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും മാനേജര്‍ ആരോപിച്ചു. പൊലീസിന് പുറമെ ഫെഫ്കയിലും പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് മാനേജര്‍. വിഷയത്തില്‍ നടന്‍ പ്രതികരിച്ചിട്ടില്ല.

’18 വര്‍ഷമായി ഞാന്‍ സിനിമ പ്രവര്‍ത്തകനാണ്. സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറിയതിന്റെ ഒക്കെ ഫ്രസ്ട്രേഷന്‍ കൂടെയുള്ളവരോടാണ് ഉണ്ണി മുകുന്ദന്‍ തീര്‍ക്കുന്നത്. ആറ് വര്‍ഷമായി ഞാന്‍ ഉണ്ണിയുടെ മാനേജരാണ്. പല സിനിമകള്‍ക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’ -വിപിന്‍ പറഞ്ഞു.