ആരു ജയിച്ചാലും തിരിച്ചടി അന്‍വറിന്; ബിജെപിയും എസ്ഡിപിഐയും പിടിച്ച വോട്ടുകള്‍ നിര്‍ണായകം; കോണ്‍ഗ്രസ് ചേര്‍ത്തത് 8000 വോട്ടുകള്‍; മണ്ഡലത്തിലെ ചര്‍ച്ചകള്‍ സൂഷ്മമായി നിരീക്ഷിച്ച് എല്‍ഡിഎഫ്; നിലമ്പൂരില്‍ ഒറ്റയ്ക്കു മത്സരിച്ചാല്‍ അന്‍വറിനെ കാത്തിരിക്കുന്നത് നാണംകെട്ട തോല്‍വി
ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ അന്‍വറിന് നിലമ്പൂരില്‍ കാര്യമായൊന്നും ചെയ്യാനില്ല. രണ്ടു ടേമിലും അന്‍വറിനുവേണ്ടി എല്‍ഡിഎഫ് എണ്ണയിട്ട യന്ത്രം പോലെയാണു പ്രവര്‍ത്തിച്ചത്. ഇടതില്‍നിന്ന് പുറത്തായ അന്‍വറിനു ലഭിക്കുന്ന മാധ്യമ ശ്രദ്ധയ്ക്കപ്പുറം തെരഞ്ഞെടുപ്പിന്റെ ഗോദയില്‍ ഇതു മതിയാകില്ല

നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗക്കത്തിനെതിരേ പി.വി. അന്‍വര്‍ ലക്ഷ്യമിടുന്നത് എന്ത്? മൂന്നു പതിറ്റാണ്ടോളം ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലത്തിലാണ് മകന്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക പി.വി. അന്‍വറിന്. അന്‍വര്‍ ഭാവിയിലും ജയിക്കാന്‍ സാധ്യതയുളള ഒരേയൊരു മണ്ഡലം കൈവിട്ടുകളയുന്നത് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിനും തീക്കളിയാകും.
1977ല്‍ നിലമ്പൂരില്‍നിന്നു നിയമസഭയിലെത്തിയ ആര്യാടന്‍ മുഹമ്മദിന് പിന്നീടു 2016ല്‍ ആണു കളം വിടുന്നത്. 2011ല്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി. 2016ല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. ഇതിനുശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും പി.വി. അന്‍വറിനെ ഇറക്കി എല്‍ഡിഎഫ് മണ്ഡലം പിടിച്ചു. 2021ല്‍ 2700 വോട്ടുകള്‍ക്കു വീണ്ടും ജയിച്ചെങ്കിലും അന്‍വറിനെതിരേ മണ്ഡലത്തില്‍ ശക്തമായ എതിര്‍പ്പുമുണ്ട്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെയുള്ള നിലമ്പൂരിലെ വികസനം ചര്‍ച്ചയായാല്‍ അതില്‍ അന്‍വറും മറുപടി പറയേണ്ടിവരും. കാരണം, ഏതാനും മാസം മുമ്പുവരെ പിണറായി വിജയന്റെ ശക്തമായ വക്താവായിരുന്നു അന്‍വര്‍. അതിനാല്‍തന്നെ വികസനം മുടക്കുന്നത് എന്തെങ്കിലും അന്‍വറിന്റെ മണ്ഡലത്തില്‍ ചെയ്യുമെന്നും കരുതുക വയ്യ.

മലയോര മേഖലയിലെ പ്രശ്‌നങ്ങളാണ് ഇക്കുറി അന്‍വറിന്റെ തുറുപ്പുചീട്ട്. നിരവധി ക്രിസ്ത്യന്‍ കുടിയേറ്റക്കാരുള്ള മേഖലയെ ഉന്നമിടുമ്പോള്‍ അതു സഭയുടെ വോട്ടുകള്‍കൂടി ഉറപ്പിക്കാനാണെന്നു വ്യക്തം. വി.എസ്. ജോയി എന്ന ക്രിസ്ത്യാനിയെ നിര്‍ത്തുന്നതിനൊപ്പം, പിന്നീടു മണ്ഡലം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലും അന്‍വറിനുണ്ട്. എന്നാല്‍, ഈ നീക്കങ്ങളെയെല്ലാം കോണ്‍ഗ്രസ് ഒറ്റയടിക്കു റദ്ദാക്കിയതോടെ അന്‍വറിന്റെ നിലയും പരുങ്ങലിലാണ്.
ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ അന്‍വറിന് നിലമ്പൂരില്‍ കാര്യമായൊന്നും ചെയ്യാനില്ല. രണ്ടു ടേമിലും അന്‍വറിനുവേണ്ടി എല്‍ഡിഎഫ് എണ്ണയിട്ട യന്ത്രം പോലെയാണു പ്രവര്‍ത്തിച്ചത്. ഇടതില്‍നിന്ന് പുറത്തായ അന്‍വറിനു ലഭിക്കുന്ന മാധ്യമ ശ്രദ്ധയ്ക്കപ്പുറം തെരഞ്ഞെടുപ്പിന്റെ ഗോദയില്‍ ഇതു മതിയാകില്ല. അന്‍വര്‍ ഓളം നിലനില്‍ക്കുമ്പോള്‍ ചേലക്കരയില്‍ ഇറക്കിയ സ്ഥാനാര്‍ഥി പച്ചതൊട്ടിരുന്നില്ല. യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച് ഷൗക്കത്തിനുവേണ്ടി ഇറങ്ങുന്നതാകും അന്‍വറിന്റെ രാഷ്ട്രീയ ഭാവിക്കു നല്ലതെന്നും വിലയിരുത്തുന്നവരുണ്ട്. തൃണമൂലില്‍ തുടരുന്നിടത്തോളം കാലം യുഡിഎഫില്‍ പ്രവേശനമുണ്ടാകില്ലെന്നും അന്‍വര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മലയോര മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കാതെ പോകുന്നതിനു കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിയമമാണെന്ന പ്രചാരണം സിപിഎം ശക്തമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ ചലനങ്ങളും ചര്‍ച്ചകളും സിപിഎം സൂഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.
2021നെ അപേക്ഷിച്ച് 8000 വോട്ടുകള്‍ ചേര്‍ത്തെന്നാണു യുഡിഎഫ് അവകാശപ്പെടുന്നത്. ഇക്കുറി ബിജെപി രംഗത്തില്ലാത്തതിനാല്‍ അവര്‍ കഴിഞ്ഞതവണ അഡ്വ. ടി.കെ. അശോക് കുമാറിലൂടെ പിടിച്ച 8595 വോട്ടുകള്‍ എവിടെ പോകുമെന്നതും ചര്‍ച്ചയാണ്. എസ്ഡിപിഐ 3281 വോട്ടുകള്‍ പിടിച്ചു. ഇക്കുറി സംസ്ഥാന സര്‍ക്കാരിന് എതിരായതിനാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ യുഡിഎഫിലേക്കു മറിയാനും സാധ്യതയുണ്ട്. നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് നിലമ്പൂര്‍ നിയോജകമണ്ഡലം. 2,32,384 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,,889 സ്ത്രീ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും. പു തുതായി 59 പോളിങ് സ്റ്റേഷനുകള്‍ കൂടി വന്നതോടെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി.
സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമാണ് നിലമ്പൂരില്‍. വഖഫ്, ലൗജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അകല്‍ച്ച പ്രകടമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വഖഫ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കണ്ണുംപൂട്ടി അനുകൂലിച്ചു കത്തോലിക്കാ സഭ രംഗത്തുവന്നെങ്കിലും അതുകൊണ്ടൊന്നും മുനമ്പത്തു പ്രശ്‌നം തീരില്ലെന്നു തിരിച്ചറിഞ്ഞ സമയംകൂടിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും.
യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം അന്‍വറിനും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. യുഡിഎഫിന്റെ പരാജയം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും അവസാനമാണ്. മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന വി.ഡി. സെല്‍വരാജ് സിപിഎമ്മിനോടു പരസ്യ യുദ്ധം പ്രഖ്യാപിച്ചതു മറക്കരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ രാഷ്ട്രീയത്തില്‍ അപ്രസക്തനായി. സിപിഎമ്മിനോടു യുദ്ധം പ്രഖ്യാപിക്കുന്നവര്‍ക്കു പാര്‍ട്ടി തന്ത്രങ്ങളെ അതിജീവിക്കാനും ശേഷിയുണ്ടാകണം.
55 ശതമാനം മുസ്ലിംകളും 20 ശതമാനം ക്രിസ്ത്യാനികളും ബാക്കി ഹിന്ദുക്കളും ഉള്‍പ്പെടുന്നതാണു നിലമ്പൂര്‍ മണ്ഡലം. ലൗജിഹാദ്, വഖഫ് വിഷയങ്ങളില്‍ സഭ എടുത്ത നിലപാട് മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. സാമുദായികമായി വോട്ട് വിഭജിച്ചാല്‍ അതു ഗുണമാകുക മുസ്ലിം സമുദായത്തിലെ സ്ഥാനാര്‍ഥിക്കാകും. യുഡിഎഫ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനഗോലു രണ്ടുവട്ടം മണ്ഡലത്തില്‍ നടത്തിയ സര്‍വേയിലും ആര്യാടന്‍ ഷൗക്കത്തിനാണു വിജയ സാധ്യതയെന്നു വിലയിരുത്തിയിട്ടുണ്ട്.
മുസ്ലിം സ്ഥാനാര്‍ഥിയെ വേണമെന്ന് ലീഗ് അടക്കമുള്ള പാര്‍ട്ടികളും അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കാന്തപുരം, സമസ്ത എന്നിവയുടെ നിലപാടുകളും മുസ്ലിം സ്ഥാനാര്‍ഥി വേണമെന്നതാണ്. അത്രയും സാമുദായിക ധ്രുവീകരണം മുനമ്പം വിഷയത്തിലടക്കം സഭ വരുത്തിവച്ചിട്ടുണ്ട്. നിലവില്‍ ഇടതുപക്ഷം എടുത്ത നിലപാടാണ് കൃത്യമെന്ന രീതിയിലേക്ക് മുനമ്പം സമരസമിതി നേതാക്കളും അടുത്തിടെ പ്രസ്താവന നടത്തിയതും പരിഗണിക്കേണ്ടിവരും.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചും മലപ്പുറത്തെ സാമുദായിക പ്രാതിനിധ്യം അട്ടിമറിച്ചുമാണ് വി.എസ്. ജോയിയെ ഡിസിസി പ്രസിഡന്റാക്കിയത് എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തിരഞ്ഞെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യതയും നേതാക്കള്‍ മുന്നില്‍കണ്ടിരുന്നു. ഡിസിസി അധ്യക്ഷനെ തിരഞ്ഞെടുത്തപ്പോള്‍ ഉയര്‍ത്തിയ അതേ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയം അനുകൂലമല്ലെങ്കില്‍ വീണ്ടും ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നറിയിപ്പും നല്‍കിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ ഒറ്റ സ്ഥനാര്‍ഥിയായി പരിഗണിക്കാനുള്ള കാരണവും ഇതുതന്നെ.
കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനെക്കാള്‍ വാശിയോടെ അന്‍വറിനെ നേരിടാനാണു മണ്ഡലത്തില്‍ സിപിഎം ശ്രമിക്കുക. ഇപ്പോഴും സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ചുരുക്കപ്പട്ടികയിലെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. നിലമ്പൂരില്‍ മുന്‍പ് ആര്യാടന്‍ മുഹമ്മദിനെ നേരിട്ട റിട്ട. അധ്യാപകന്‍ തോമസ് മാത്യു, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉള്‍പ്പെടെയുള്ള സ്വതന്ത്രരെ തേടുന്നുണ്ട്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.എം. ഷൗക്കത്ത്, നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം തുടങ്ങിയ പേരുകളുമുണ്ട്. എം. സ്വരാജിനെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുമോയെന്നും കണ്ടറിയണം.