
കൊച്ചി: പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട MSC എല്‍സ 3 ലൈബീരിയന്‍ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളില്‍ അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കല്‍,ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിര്‍ത്തിയായ വലിയ അഴീക്കലും കണ്ടെയ്‌നര്‍ കണ്ടെത്തി. ജനങ്ങള്‍ നിര്‍ദശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കണ്ടെയ്‌നറുകള്‍ അടിഞ്ഞാല്‍ അടുത്തേയ്ക്ക് പോകരുതെന്നും പൊലീസ് അറിയിച്ചു.
എന്‍ഡിആര്‍എഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കല്‍, ബയോളിക്കല്‍, ന്യുക്ലിയര്‍ വിദഗ്ദര്‍ സംഘത്തില്‍ കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലാണ് സംഘമെത്തുക.

കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഇടങ്ങളില്‍ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു.
കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെ വച്ച് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസാണ് നിര്‍ദേശം നല്‍കിയത് . കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലില്‍ കയറുമോയെന്ന് ആശങ്കയുണ്ട്. ജല വിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് പൊഴിമുറിക്കല്‍ ആരംഭിച്ചത്.