അന്‍വറിന്റെ ഉടക്കിനു കാരണം മന്ത്രിയാക്കാത്തത്; ഇപ്പോള്‍ വി.എസ്. ജോയിയെ നിര്‍ദേശിക്കുന്നതിന് പിന്നിലും ഒരു ലക്ഷ്യമുണ്ട്; ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തന്‍; ലീഗിനും അന്‍വറിനും ഇടയില്‍ തലപുണ്ണാക്കി കോണ്‍ഗ്രസ്; നിലമ്പൂര്‍ വീണ്ടും രാഷ്ട്രീയ ചര്‍ച്ചയിലേക്ക്
ആര്യാടന്‍ ഷൗക്കത്തിനു സീറ്റു നല്‍കുകയും വിജയിക്കുകയും ചെയ്താല്‍ നിലമ്പൂരില്‍ അന്‍വറിനു പണിയുണ്ടാകില്ല. എന്നാല്‍, വി.എസ്. ജോയിയാണെങ്കില്‍ ആ സീറ്റ് അന്‍വറിനു തിരിച്ചെടുക്കാന്‍ എളുപ്പമാണ്. രാജിവയ്ക്കുമ്പോള്‍തന്നെ വി.എസ്. ജോയിയെ അന്‍വര്‍ നിദേശിച്ചത് അത്ര നിഷ്‌കളങ്കമല്ലെന്നു വ്യക്തം. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി തന്നെ പിന്തുണയ്ക്കാനുള്ള തന്ത്രമായിരുന്നു ഇത്

നിലമ്പൂര്‍: പാകിസ്താനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചേക്കുമെന്നു കരുതിയ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് എത്തിയതോടെ സംസ്ഥാനം വീണ്ടും പോരാട്ടച്ചൂടിലേക്ക്. രണ്ടുമുന്നണികളും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയുമാണ് ഉപതെരഞ്ഞെടുപ്പ് കടന്നുവരുന്നത്. ബിസിനസുകാരനും മുന്‍ കോണ്‍ഗ്രസുകാരനും സര്‍വ്വോപരി പിണറായിയുടെ വിശ്വസ്തനുമായിരുന്ന പി.വി. അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ തിരിഞ്ഞതോടെയാണ് രാജിയിലേക്കും തെരഞ്ഞെടുപ്പിലേക്കും എത്തിയത്.
അന്‍വര്‍ മുന്നണി വിടാനുണ്ടായ കാരണം കേവലം രാഷ്ട്രീയം മാത്രമാണെന്നു കരുതാനാകില്ല. എല്ലാവര്‍ക്കും അറിയാമെങ്കിലും അതാരും ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ അന്‍വറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ‘പിണറായിസം തകരും’ എന്ന പോസ്റ്ററും കൗണ്‍ഡൗണ്‍ സ്റ്റാര്‍ട്ട്‌സ് എന്ന ക്യാപ്ഷനുമായിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നതു കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലായിരുന്നു. തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി എന്നീ സീറ്റുകള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് അത്യധ്വാനമൊന്നും വേണ്ടിവന്നില്ല. നിലമ്പൂരില്‍ കഴിഞ്ഞ രണ്ടുതവണ വിജയിച്ചത് ഇടതു സ്വതന്ത്രനായിരുന്നു. സിപിഎമ്മിനു കാര്യമായ സാന്നിധ്യമില്ലാത്ത മണ്ഡലം.


1967ല്‍ സപ്തകക്ഷിമുന്നണിയുടെ കാലത്ത് കെ. കുഞ്ഞാലിയാണ് നിലമ്പൂരില്‍നിന്ന് ജയിച്ച ഏക സിപിഎമ്മുകാരന്‍. 82ല്‍ ടി.കെ. ഹംസ ഇടതുസ്വതന്ത്രനായി ജയിച്ചുകയറി. 2016ലും 2021 ലും പി.വി. അന്‍വറും ഇടതു സ്വതന്ത്രനായി ജയിച്ചുകയറി. കോണ്‍ഗ്രസും ലീഗും വിട്ടുകൊടുത്താല്‍ മാത്രം ഇടതുമുന്നണി ജയിക്കുന്ന മണ്ഡലമാണു നിലമ്പൂരെന്നു ചുരുക്കിപ്പറയാം. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും സിപിഎമ്മിനുണ്ടായിരുന്ന മനോഭാവം തന്നെയായിരിക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും.
പിണറായിയുമായി തെറ്റുന്നതിന് ഏതാനും ദിവസംമുമ്പ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നുവരെ പറഞ്ഞ അന്‍വര്‍ പൊടുന്നനെയാണു സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ ആരോപണ ശരമാരിയുമായി രാജിവച്ചത്. ആര്‍എസ്എസ് ബന്ധംമുതല്‍ സ്വര്‍ണക്കടത്തുവരെ അതിലുണ്ടായി. കോണ്‍ഗ്രസും അന്‍വറിനെ ആഘോഷിച്ചു. അന്‍വറിന്റെ രാജിയും ഇടതുപക്ഷത്തിന് ആഘാതമേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു.
ALSO READ
എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് സര്‍ കാര്യവാഹ് ദത്താത്രേയ ഹോസ്ബള്ളയെ സന്ദര്‍ശിച്ചതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങളും യുഡിഎഫിനും പിടിവള്ളിയായി. സിപിഎം-ആര്‍എസ്എസ് ബന്ധമെന്ന വര്‍ഷങ്ങളായുള്ള യുഡിഎഫ് ആരോപണം ഉറപ്പിക്കാനും മുസ്ലിം അനുകൂലികള്‍ക്കിടയില്‍ വള്ളലുണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞു.

പക്ഷേ, പിണറായിയെ പിന്തുണച്ചാലും സതീശനെ പിന്തുണച്ചാലും അന്‍വറിന് അതിലൊരു കച്ചവടക്കണ്ണുണ്ട്. യുഡിഎഫിനു സഹായഹസ്ത നീട്ടിയതിനു പിന്നിലും അന്‍വറിനു കൃത്യമായ ലക്ഷ്യങ്ങളുണ്ട്. 2021ല്‍ പിണറായി വിജയനു ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ മന്ത്രിപദം പ്രതീക്ഷിച്ചയാളാണ് അന്‍വര്‍. എന്നാല്‍, അന്‍വറിനെ നന്നായി അറിയാവുന്ന പിണറായി മുന്‍ കോണ്‍ഗ്രസുകാരന്‍കൂടിയായ വി. അബ്ദുള്‍ റഹ്‌മാനെയാണു മന്ത്രിയാക്കിയത്. അവിടം മുതല്‍ അന്‍വര്‍ അസ്വസ്ഥനായി. ഡിഎംകെയില്‍ ചേരാന്‍ ആദ്യം ശ്രമിച്ചെങ്കിലും പിണറായിയുമായി അടുപ്പമുള്ള സ്റ്റാലിന്റെ പാര്‍ട്ടി വാതില്‍ തുറക്കില്ലെന്നു വ്യക്തമായി. ഇതോടെ തൃണമൂലിലേക്കു ചേക്കേറി.
നിലമ്പൂരില്‍ ഏറ്റവും വലിയ എതിരായി 2016ല്‍ അന്‍വറിനോടുതന്നെ പരാജയം രുചിച്ച ആര്യാടന്‍ ഷൗക്കത്താണ്. ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദിനോടുള്ള എതിര്‍പ്പാണു പി.വി. അന്‍വറനെയും അബ്ദുള്‍ റഹിമാനെയും പോലുള്ളവരെ ഇടതിലെത്തിച്ചത്. ആര്യാടന്‍ ജീവിച്ചിരുന്ന കാലത്ത് മലപ്പുറം ജില്ലയില്‍നിന്ന് മറ്റൊരു മുസ്ലിം കോണ്‍ഗ്രസ് നേതാവ് ഉയര്‍ന്നു വരാതിരിക്കാന്‍ ശ്രദ്ധിച്ചു. മലപ്പുറത്ത് കോണ്‍ഗ്രസിനെ കുളിപ്പിച്ചു കിടത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ആര്യാടന്‍ മുഹമ്മദാണെന്നു കോണ്‍ഗ്രസുകാര്‍ പോലും സമ്മതിക്കും. അതേസമയം, മുസ്ലിം ലീഗിനെ നിരന്തരം വെല്ലുവിളിച്ച് അദ്ദേഹം കോണ്‍ഗ്രസിലെ മതേതര നേതാവുമായി. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി നല്‍കിയാല്‍ കേരളത്തിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകുമെന്നും മുന്നറിയിപ്പ് നല്‍യിട്ടുണ്ട് ആര്യാടന്‍.
ആര്യാടന്‍ ഷൗക്കത്തിനു സീറ്റു നല്‍കുകയും വിജയിക്കുകയും ചെയ്താല്‍ നിലമ്പൂരില്‍ അന്‍വറിനു പണിയുണ്ടാകില്ല. എന്നാല്‍, വി.എസ്. ജോയിയാണെങ്കില്‍ ആ സീറ്റ് അന്‍വറിനു തിരിച്ചെടുക്കാന്‍ എളുപ്പമാണ്. രാജിവയ്ക്കുമ്പോള്‍തന്നെ വി.എസ്. ജോയിയെ അന്‍വര്‍ നിദേശിച്ചത് അത്ര നിഷ്‌കളങ്കമല്ലെന്നു വ്യക്തം. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി തന്നെ പിന്തുണയ്ക്കാനുള്ള തന്ത്രമായിരുന്നു ഇത്. നിലമ്പൂര്‍ പിടിക്കേണ്ടത് സിപിഎമ്മിനേക്കാള്‍ കോണ്‍ഗ്രസിന്റെ ജീവന്‍മരണ പ്രശ്‌നമാണെന്നും അന്‍വറിന് അറിയാം. ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍നിന്ന് എന്നന്നേക്കുമായി ഓടിക്കുക, ഒപ്പം കോണ്‍ഗ്രസിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി മാറാം- ഇതായിരുന്നു അന്‍വറിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍, അന്‍വറിന്റെ നീക്കങ്ങളെ സംശയതോടെ വീക്ഷിച്ച ലീഗ് അല്‍പമൊന്നു കടുപ്പിച്ചു. മലപ്പുറത്തു മുസ്ലിം രാഷ്ട്രീയം കളിക്കാന്‍ ദൈവം തെരഞ്ഞെടുത്ത പാര്‍ട്ടിയാണു മുസ്ലിം ലീഗെന്നും മറ്റാരെങ്കിലും അതിനു ശ്രമിച്ചാല്‍ ചുരുട്ടിക്കൂട്ടി മൂലയിലിടുമെന്നും അവര്‍ പറയാറുള്ളത്. പിണറായിയുടെ ആര്‍എസ്എസ് ബന്ധം പറഞ്ഞു അന്‍വര്‍ രംഗത്തുവന്നതും അതിനു പിന്തുണ കിട്ടിയതും ലീഗിനെയും അല്‍പം ആശങ്കപ്പെടുത്തി. പിണറായിക്കെതിരെ ഇത്രയും കടുത്ത നിലപാട് അന്‍വര്‍ കൈക്കൊള്ളുമെന്നും അതിന് ലീഗ് അണികളില്‍ നിന്നടക്കം പിന്തുണ ലഭിക്കുമെന്നും ആ പാര്‍ട്ടി പ്രതീക്ഷിച്ചില്ല. അന്‍വറിന്റെ മുസ്‌ളീം രാഷ്ട്രീയം മലപ്പുറത്ത് തങ്ങളുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ഭയം ലീഗിനുണ്ട്. അതുകൊണ്ടാണ് അവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നത്.
കോണ്‍ഗ്രസാകട്ടെ ചെകുത്താനും കടലിനും നടക്കാണ്. അന്‍വര്‍ പറയുന്നതുകേട്ടു വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആര്യാടന്‍ ഷൗക്കത്ത് സിപിഎം സ്വതന്ത്രനാകുമോ എന്ന ഭീതിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരും. അന്‍വറിനെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡിനു താല്‍പര്യമില്ലാത്തതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി വന്നാല്‍ യുഡിഎഫില്‍ കയറ്റാന്‍ പറ്റില്ലന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം അറിച്ചുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസിലേക്കു പോകാന്‍ കഴിയില്ലെന്ന് തൃണമൂലിന്റെ കേരളത്തിലെ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് അന്‍വറിനോടു പരസ്യമായ എതിര്‍പ്പുമുണ്ട്. മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു വന്നാല്‍ യുഡിഎഫില്‍ ഘടകകക്ഷിയാക്കാമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അന്‍വറിന് വാക്കുകൊടുത്തിരിക്കുന്നത്.
സിപിഎമ്മിനേക്കാള്‍ കോണ്‍ഗ്രസിനാണ് പി.വി. അന്‍വര്‍ തലവേദനയാകുന്നത്. അന്‍വറിനെ പിണക്കുന്നതു രാഷ്ട്രീയ മണ്ടത്തരമാണെന്ന് കോണ്‍ഗ്രസിന് അറിയാം. കാരണം പിണറായിക്കെതിരെ യുഡിഎഫും കോണ്‍ഗ്രസും കഴിഞ്ഞ പത്തുവര്‍ഷമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ആധികാരികത ലഭിച്ചത് പി.വി. അന്‍വറിന്റെ വഴിപിരിയിലോടെയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം അന്‍വറും വേണം ഷൗക്കത്തും വേണം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോ ഇനി നടക്കാന്‍ പോകുക അതിനുള്ള ഞാണിന്‍മേല്‍ കളിയാണ്.