Breaking NewsCrimeIndiaLead NewsLIFENEWSNewsthen SpecialpoliticsSocial MediaTRENDINGWorld

രഹസ്യങ്ങള്‍ കൈമാറിയതിന് തെളിവില്ലെന്ന് ഹരിയാന പോലീസ് പറയുമ്പോഴും അവര്‍ ‘ചാരവനിത’യാകുന്നത് എന്തുകൊണ്ട്? മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയ പിന്തുണയുമായി രംഗത്ത്; ആദ്യദിനം ചോദ്യം ചെയ്തു വിട്ടയച്ചെന്ന് പിതാവ്; ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റില്‍ ഇപ്പോഴും പുകമറ

കോവിഡിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ട ജ്യോതി അച്ഛന്റെയും അമ്മാവന്റെയും അടുത്തേക്കു മടങ്ങി. തനിക്കു 'റീലു'കള്‍ നിര്‍മിക്കണമെന്നും ലാപ്‌ടോപ്പ് വേണമെന്നും അച്ഛനോട് ആവശ്യപ്പെട്ടു. ഹരീഷ് ജ്യോതിക്ക് ഒരുലക്ഷം മുടക്കിയാണു ലാപ്‌ടോപ് വാങ്ങിക്കൊടുത്തത്. വീട്ടിലുള്ളപ്പോഴെല്ലാം റീലുകള്‍ എഡിറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ജ്യോതി

ന്യൂഡല്‍ഹി: ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലില്‍ ജ്യോതി റാണി സ്വയം വിശേഷിപ്പിക്കുന്നത് ‘നൊമാഡിക്ക് ലിയോ ഗേള്‍’ എന്നാണ്. ‘വാണ്ടറര്‍ ഹരിയാന്‍വി-പഞ്ചാബി’ എന്നും ‘മോഡേണ്‍ ഗേള്‍ വിത്ത് ഓള്‍ ഫാഷന്‍ ഐഡിയാസ്’ എന്നും ചില വീഡിയോകളില്‍ പറയുന്നു. എന്നാല്‍, ചാരവൃത്തി ആരോപിച്ചു ഹിസാര്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതിയെന്നാണു ദേശീയതലത്തില്‍ ഇവര്‍ അറിയപ്പെടുന്നത്.

മുപ്പത്തിനാലുകാരിയായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതിയുടെ ചാനലില്‍ 480 വീഡിയോകളും 3.97 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. കേരളത്തിലെ ആലപ്പുഴയിലടക്കം അവര്‍ സഞ്ചരിച്ചു. നാട്ടുകാരുമായി ഇടപഴകുന്നതും ഹോട്ടലുകളിലെ ഭക്ഷണങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതും കാണാം. കേരളത്തിലെ ടൂറിസം പ്രൊമോട്ട് ചെയ്യുന്നതിന് ഇവരെ ക്ഷണിച്ചിരുന്നെന്നു പോലും വിവരങ്ങളുണ്ട്. ഇന്തോനേഷ്യ, ഭൂട്ടാന്‍, ചൈന, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും അവരുടെ ചില വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ട്.

Signature-ad

എന്നാല്‍, ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ജ്യോതി ഇതുവരെ നയിച്ച സാഹസിക യാത്രകര്‍ക്കു കാണികള്‍ കുറവാണ്. അവരുടെ പ്രശസ്തിയെക്കുറിച്ചും നാട്ടുകാര്‍ക്കു കാര്യമായ വിവരമില്ല. ജ്യോതി തന്റെ അച്ഛന്‍ ഹരീഷ് കുമാറിനും (58) അമ്മാവന്‍ ഖുഷാല്‍ ചന്ദിനും (65) ഒപ്പം ന്യൂ അഗര്‍സെന്‍ എക്സ്റ്റന്‍ഷന്‍ ഏരിയയിലാണ് താമസിക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും ബിസിനസുകാരും മുന്‍ സൈനികരും കൂടുതലായി താമസിക്കുന്ന തിരക്കേറിയ മേഖല. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടിലെ അലങ്കോലവും വെളിച്ചക്കുറവുമുള്ള അവളുടെ കിടപ്പുമുറിയുടെ ചുവരുകളില്‍ പെയിന്റ് പലയിടത്തും അടര്‍ന്നുപോയിരിക്കുന്നു. വീട്ടുകാരുടെയും കൂട്ടുകാരുടെയും ചിത്രങ്ങള്‍ നിറഞ്ഞ അവളുടെ മുറിയില്‍ നിരവധി പോസ്റ്ററുകളുമുണ്ട്.

അടുത്ത വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ജ്യോതിയെക്കുറിച്ച് അധികമറിയില്ല. ‘ജ്യാതി കൂടുതലും വീടിനു പുറത്താണു താമസിച്ചിരുന്നത്. ആറുമാസത്തിലൊരിക്കല്‍ വീട്ടിലെ ടെറസില്‍ അവളെ കാണാറുണ്ട്. വീട്ടില്‍ മറ്റു സ്ത്രീകളില്ലാത്തതിനാല്‍ അവരുമായി ഇടപഴകിയിരുന്നില്ല’- അല്‍ക്കാരി പറയുന്നു. ടെലിവിഷനില്‍ വാര്‍ത്ത കണ്ടതിന് ശേഷം ബന്ധു വിളിച്ചതിലൂടെയാണ് ജ്യോതിയുടെ അറസ്റ്റിനെക്കുറിച്ച് മറ്റൊരു അയല്‍ക്കാരനായ വീരേന്ദര്‍ നര്‍വാള്‍ അറിഞ്ഞത്. ‘കുടുംബം കൂടുതലും വീടിനുള്ളില്‍ തന്നെയാണ് കഴിയുന്നത്’- അദ്ദേഹവും പറയുന്നു.

മേയ് 16ന് ഹിസാര്‍ പോലീസ് ജ്യോതിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, ഭാരതീയ ന്യായസംഹിതയുടെ സെക്്ഷന്‍ 152 എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനുശേഷവും ജ്യോതിയുടെ യുട്യൂബ് ചാനലിലെ ഫോളോവര്‍മാരുടെ എണ്ണം 16,000 ആയി വര്‍ധിച്ചു!

ജ്യോതിയുടെ അച്ഛന്‍ ഹരീഷും വീടും

ഠ പാകിസ്താനിലേക്കുള്ള യാത്ര

പോലീസ് പറയുന്നതനുസരിച്ച് പാകിസ്താനിലേക്കുള്ള ഇവരുടെ യാത്രയാണു ഔദ്യോഗിക റഡാറിനു കീഴിലെത്തിച്ചത്. അയല്‍രാജ്യത്ത് നിന്നുള്ള ജ്യോതിയുടെ ഏറ്റവും ജനപ്രിയ വീഡിയോയുടെ പേര് ‘പാകിസ്താനിലെ ഇന്ത്യന്‍ പെണ്‍കുട്ടി – വാഗ അതിര്‍ത്തി മുതല്‍ ലാഹോര്‍വഴി പഞ്ച സാഹിബ് വരെ’ എന്നാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പോസ്റ്റ് ചെയ്ത ഇതിന് 1.3 കോടി കാഴ്ചക്കാരെയും 1.10 ലക്ഷത്തിലധികം ‘ലൈക്കുകളും’ ലഭിച്ചു. കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍, ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ ജ്യോതി പങ്കെടുക്കുന്നതായി കാണാം. ഒരു വര്‍ഷം മുമ്പ് എംബസി അവരെ ക്ഷണിച്ചിരുന്നുവെന്ന് അതില്‍ പരാമര്‍ശിക്കുന്നു.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായുളള അടുപ്പവും അവിടേക്കുള്ള സന്ദര്‍ശനങ്ങള്‍ക്കുള്ള ധനസഹായവും പാകിസ്താനിലെ ഉന്നതര്‍ പങ്കെടുത്ത സാമൂഹിക സമ്മേളനങ്ങളിലെ സാന്നിധ്യവും എല്ലാം ഇന്ത്യയെ സംബന്ധിച്ച് സംശയാസ്പദമായിരുന്നു. പണം, ആഡംബര ജീവിതശൈലി, ഉന്നത ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള സാധ്യത എന്നിവയിലൂടെ പാക് ഇന്റലിജന്‍സ് ജ്യോതിയെ ആകര്‍ഷിച്ചെന്നു ഹിസാര്‍ പോലീസ് വിശ്വസിക്കുന്നു. അറസ്റ്റിന് മുമ്പ് വളരെക്കാലം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ജ്യോതി എന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഹിസാര്‍ പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവന്‍ പറയുന്നു.

‘പാകിസ്താനിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ജ്യോതിയെ ഒരു ‘അസറ്റാ’യി വളര്‍ത്തിയെടുക്കുന്നുണ്ടെന്ന് അവരുടെ യാത്രകള്‍ നിരീക്ഷിക്കുമ്പോള്‍ സംശയിച്ചു. അവള്‍ അവരെ എന്തിനാണ് കണ്ടുമുട്ടിയതെന്നും അവരുമായി എന്ത് വിവരങ്ങള്‍ പങ്കിട്ടെന്നും ഞങ്ങള്‍ അന്വേഷിക്കുന്നു. പാക്കിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അവളിലൂടെ മറ്റ് യൂട്യൂബ് സ്വാധീനമുള്ളവരിലേക്ക് എത്തിച്ചേരാന്‍ ശ്രമിച്ചിരുന്നു’. ‘ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഭീകരര്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തുന്നതിന് മുമ്പ് ജ്യോതി പാകിസ്താനും ജമ്മു കശ്മീരിലെ പഹല്‍ഗാമും സന്ദര്‍ശിച്ചിരുന്നു. അവരുടെ സന്ദര്‍ശനങ്ങളും ആക്രമണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്’ അദ്ദേഹം പറയുന്നു. പ്രതിരോധവും സൈന്യവുമായി ബന്ധപ്പെട്ട സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് ജ്യോതിക്ക് നേരിട്ട് പ്രവേശനമില്ലാത്തതിനാല്‍, പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി അവര്‍ രഹസ്യ വിവരങ്ങള്‍ പങ്കിട്ടതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും പോലീസ് പറയുന്നു. ഏതെങ്കിലും തീവ്രവാദ സംഘടനയുമായി അവര്‍ ബന്ധപ്പെട്ടതിനും കൃത്യമായ തെളിവില്ല.

ഠ സംശയത്തിന്റെ ഉറവിടം

ഹിസാറിന്റെ തന്ത്രപ്രധാനമായ സ്ഥലത്തുനിന്നാണ് ജ്യോതിയെക്കുറിച്ചുള്ള പോലീസിന്റെ സംശയങ്ങള്‍ ഉടലെടുക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജില്ലയില്‍ സൈനിക കന്റോണ്‍മെന്റും വിമാനത്താവളവുമുണ്ട്. സിര്‍സ വ്യോമസേനാ താവളം ഹിസാറില്‍നിന്ന് ഒന്നര മണിക്കൂര്‍ അകലെ മാത്രമാണ്. ‘ജ്യോതി പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി പങ്കുവച്ച ചെറിയ വിവരംപോലും അവര്‍ക്കു പ്രധാന്യമുള്ളതാകും. അവരുടെ മൊബൈല്‍ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അവര്‍ പങ്കിട്ട വിവരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു.

ഠ റീലും യഥാര്‍ഥ്യവും

ഇന്ത്യ പാക് വിഭജനകാലത്ത് പാകിസ്താനിലെ മുള്‍ട്ടാനില്‍നിന്ന് ഇന്ത്യയിലെത്തി പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ താമസമാക്കിയതാണ് ജ്യോതിയുടെ കുടുംബം. പിന്നീട് അവര്‍ ഹിസാറിലേക്ക് താമസം മാറി. പിതാവ് ഹരീഷ് കുമാര്‍ ജ്യോതി കൗമാരക്കാരിയായിരുന്നപ്പോള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പിരിഞ്ഞു. ഹരിയാന വൈദ്യുതി ബോര്‍ഡില്‍ നിന്ന് ഫോര്‍മാനായി വിരമിച്ച അമ്മാവന്‍ ഖുഷാല്‍ ചന്ദും പത്തുവര്‍ഷം മുമ്പ് ഹരീഷിനും ജ്യോതിക്കുമൊപ്പം താമസം മാറി.

ഹിസാറിലെ ഫത്തേ ചന്ദ് വനിതാ കോളജില്‍നിന്ന് ജ്യോതി ആര്‍ട്‌സില്‍ ബിരുദം നേടി. നന്നായി പഠിച്ചിരുന്നെങ്കിലും ഉന്നത ബിരുദം നേടുന്നതിനു ജ്യോതി വിമുഖത കാട്ടിയിരുന്നു. മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി ഡല്‍ഹിയിലേക്കു പോകുന്നതിനുമുമ്പ് ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസപ്ഷനിസ്റ്റായും അടുത്തുള്ള പ്രൈമറി സ്‌കൂളില്‍ അധ്യാപികയായും ജോലി ചെയ്തു. മകള്‍ക്ക് പ്രതിമാസം 15,000-16,000 രൂപ ശമ്പളമുണ്ടെന്നത് ഒഴിച്ചാല്‍ ഡല്‍ഹയിലെ ജോലിയെക്കുറിച്ച് ഒന്നുമറിയില്ലെന്നു ഹരീഷ് പറയുന്നു. ആരോഗ്യം മോശമായതിനാല്‍ താന്‍ വീട്ടില്‍ തന്നെയാണ് കഴിയുന്നതെന്നും സഹോദരന്റെ 20,000 രൂപ പെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കോവിഡിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ട ജ്യോതി അച്ഛന്റെയും അമ്മാവന്റെയും അടുത്തേക്കു മടങ്ങി. തനിക്കു ‘റീലു’കള്‍ നിര്‍മിക്കണമെന്നും ലാപ്‌ടോപ്പ് വേണമെന്നും അച്ഛനോട് ആവശ്യപ്പെട്ടു. ഹരീഷ് ജ്യോതിക്ക് ഒരുലക്ഷം മുടക്കിയാണു ലാപ്‌ടോപ് വാങ്ങിക്കൊടുത്തത്. വീട്ടിലുള്ളപ്പോഴെല്ലാം റീലുകള്‍ എഡിറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ജ്യോതി. അധികകാലം ഹിസാറില്‍ താമസിച്ചില്ല. ഡല്‍ഹിയിലേക്കു പോകുന്നെന്നും ഏതാനും ആഴ്ചകള്‍ക്കുളളില്‍ തിരിച്ചെത്തുമെന്നും പറഞ്ഞു. അവളുടെ സുഹൃത്തുക്കളാരും വീട്ടില്‍ വന്നിരുന്നില്ല. അവള്‍ പാകിസ്താനിലേക്കോ മറ്റിടങ്ങളിലേക്കോ പോയതായും അറിയിവില്ല’- ഹരീഷ് പറഞ്ഞു.

മേയ് 15ന് വീട്ടുവാതില്‍ക്കല്‍ പോലീസ് എത്തുമ്പോള്‍വരെ അവള്‍ എന്തു ചെയ്യുന്നെന്ന് അറിയില്ലായിരുന്നു. രണ്ടു സ്ത്രീകളുള്‍പ്പെടെ അരഡസന്‍ പോലീസുകാര്‍ വീട്ടിലേക്ക് ഇരച്ചുകയറി. ജ്യോതിയുടെ മുറിയിലേക്കുപോയി. അരമണിക്കൂറിനുശേഷം ലാപ്‌ടോപ്പിനും മൊബൈല്‍ ഫോണിനുമൊപ്പം മകളെയും പിടിച്ചുകൊണ്ടുപോകുന്നതാണു കണ്ടത്. അന്നു വൈകുന്നേരം ജ്യോതി വീട്ടിലെത്തി. ഒരു വാക്കുപോലും പറഞ്ഞില്ല. ‘അവള്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. പിറ്റേന്നു സ്‌കൂട്ടറില്‍ പോലീസ് സ്‌റ്റേഷനിലേക്കു പോയി. തുടര്‍ന്ന് മേയ് 17ന് പുലര്‍ച്ചെ പോലീസ് എത്തി അവളുടെ പാസ്‌പോര്‍ട്ടും കൊണ്ടുപോയി’- ഹരീഷ് പറയുന്നു.

ഠ കുത്തുകള്‍ പൂരിപ്പിക്കുന്നു

പോലീസ് എഫ്‌ഐആറില്‍, 2023ല്‍ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ്സാന്‍-ഉര്‍-റഹീമിനെ ജ്യോതി കണ്ടുമുട്ടിയതായി പറയുന്നു. ഇരുവരും ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ജ്യോതി രണ്ടുതവണ പാകിസ്താന്‍ സന്ദര്‍ശിച്ചു. അവിടെ വച്ച് ഡാനിഷിന്റെ പരിചയക്കാരനായ അലി അഹ്വാനെ കണ്ടുമുട്ടി. അയാള്‍ അവര്‍ക്ക് രാജ്യത്ത് താമസവും യാത്രയും ഒരുക്കിക്കൊടുത്തു.

അലി അവരെ ഷാക്കിര്‍, റാണ ഷബാസ് എന്നീ രണ്ട് പുരുഷന്മാരെ പരിചയപ്പെടുത്തി. ജാട്ട് രണ്‍ധാവ എന്ന പേരില്‍ ജ്യോതി ഷാക്കിറിന്റെ മൊബൈല്‍ നമ്പര്‍ സേവ് ചെയ്തിരുന്നു. ‘വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ്, ടെലിഗ്രാം എന്നിവയിലൂടെ അവര്‍ ഈ പാകിസ്താന്‍ പൗരന്മാരുമായി ബന്ധം പുലര്‍ത്തുകയും ദേശവിരുദ്ധ വിവരങ്ങള്‍ അവരുമായി പങ്കുവെക്കുകയും ചെയ്തു. അവര്‍ പലതവണ ഡാനിഷിനെ കണ്ടുമുട്ടി. പാകിസ്താന്‍ ഇന്റലിജന്‍സ് പ്രവര്‍ത്തകരുമായി അവര്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി’- എഫ്ഐആറില്‍ പറയുന്നു.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ അജ്രാന ഗ്രാമത്തില്‍ താമസിക്കുന്ന, ഒരു ഗുരുദ്വാരയില്‍ ജോലി ചെയ്യുന്ന ഹര്‍കിരത് സിങ്ങിനെയും ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്യോതിയെ ഡാനിഷിന് പരിചയപ്പെടുത്തിയത് ഇയാളാണെന്ന് അവര്‍ സംശയിക്കുന്നു. ഡാനിഷിനെ പിന്നീട് ഇന്ത്യ ‘വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിയായി’ പ്രഖ്യാപിച്ച് പുറത്താക്കി.

അസ്റ്റിനുശേഷം അച്ഛന്‍ ജ്യോതിയെ കണ്ടിട്ടില്ല. പോലീസും മാധ്യമങ്ങളും പറയുന്നതും ഇദ്ദേഹം തള്ളിക്കളയുന്നു. ‘അറസ്റ്റിനുശേഷം ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി കൈമാറാന്‍ പോയപ്പോഴാണ് ഞാന്‍ അവളെ കണ്ടത്. സുഖമാണെന്നും ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും അവര്‍ പറഞ്ഞു’- അദ്ദേഹം പറയുന്നു. ഒരു അഭിഭാഷകനെ നിയമിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ എത്രയാണ് ഈടാക്കുന്നതെന്ന് അറിയില്ല. ‘ഒരു ചാരനെ പ്രതിനിധീകരിക്കുമ്പോള്‍ ദേശവിരുദ്ധനെന്നു മുദ്രകുത്തു’മെന്ന് പേടിച്ച് ആരും കേസ് ഏറ്റെടുക്കുന്നില്ല.ഹിസാര്‍ കോടതി ജ്യോതിയെ പ്രതിനിധീകരിക്കാന്‍ ഒരു സര്‍ക്കാര്‍ അഭിഭാഷകനെ നിയമിച്ചു. മെയ് 22 ന് കോടതി ജ്യോതിയുടെ പോലീസ് കസ്റ്റഡി നാലുദിവസത്തേക്കുകൂടി നീട്ടി.

ഠ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നു

മറ്റു സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരിലേക്കും ട്രാവല്‍ വ്‌ളോഗര്‍മാരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പാകിസ്താനുമായി ബന്ധമുള്ള സ്ലീപ്പര്‍ സെല്ലുകളിലേക്ക് അന്വേഷണം വ്യാപിക്കുകയാണെന്നു ഹരിയാന ആഭ്യന്തര സെക്രട്ടറി സുമിത മിശ്ര പറഞ്ഞു. ജ്യോതിക്കു പുറമേ, നൂഹില്‍നിന്നുള്ള രണ്ടു യുവാക്കളെയും കൈതാല്‍, പാനിപ്പത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഒരോ യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

യാത്രാ വീഡിയോകള്‍ക്ക് പേരുകേട്ട ഒഡീഷ ആസ്ഥാനമായുള്ള യൂട്യൂബര്‍ പ്രിയങ്ക സേനാപതിയെക്കുറിച്ചും അന്വേഷിക്കുന്നു. മല്‍ഹോത്രയുമായി (ജ്യോതി റാണി) ബന്ധപ്പെട്ട സ്ത്രീയുടെ എല്ലാ കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നുണ്ടെന്ന് ഒഡീഷയിലെ പുരി പോലീസ് പറയുന്നു.

ജ്യോതിക്ക് തന്ത്രപ്രധാനമായ വിവരങ്ങളോ തീവ്രവാദ ബന്ധങ്ങളോ ഉണ്ടെന്നതിന് പോലീസിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെങ്കിലും, പാകിസ്താനെ അനുകൂലിക്കുന്നതും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ക്കുന്നതുമായ ഒരു ആഖ്യാനം സൃഷ്ടിക്കുന്നതില്‍ സോഷ്യല്‍ മീഡിയ സ്വാധീനക്കാര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ശശാങ്ക് പറയുന്നു.

ജ്യോതിയുടെ ലൈവ് വീഡിയോകളിലൊന്നായ ‘പഹല്‍ഗാം കശ്മീരിനെക്കുറിച്ച് എന്റെ കാഴ്ചപ്പാടുകള്‍’ മൂന്നാഴ്ച മുമ്പാണു സ്ട്രീം ചെയ്തത്. ഇതിന് 80,000 കാഴ്ചക്കാരെയാണു ലഭിച്ചത്. വീഡിയോയില്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ഭീകരതയെ വിമര്‍ശിക്കുകയും ചെയ്യുമ്പോഴും അവര്‍ പാകിസ്താനെ ആക്രമണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. ‘ഭീകരവാദത്തിന് ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തരുത്. തീവ്രവാദ സംഘടനകളെയാണ് അപലപിക്കേണ്ടത്, ഏതെങ്കിലും പ്രത്യേക മതത്തെയോ രാജ്യത്തെയോ അല്ല. ആരെങ്കിലും ഭീകരരെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ക്കും സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. കാരണം അവിടെയൊരു സുരക്ഷാ പാളിച്ച സംഭവിച്ചിട്ടുണ്ട്’ അവര്‍ വീഡിയോയി പറഞ്ഞു.

രണ്ടു രാജ്യങ്ങള്‍ യുദ്ധത്തിലായിരിക്കുമ്പോള്‍ പൊതുജനാഭിപ്രായം പ്രധാന്യമര്‍ഹിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ളവരുടെ സൂഷ്മ സന്ദേശങ്ങള്‍ സര്‍ക്കാരുകള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ആഖ്യാനം സൃഷ്ടിക്കുമെന്നു മുന്‍ എന്‍ഐഎ സ്‌പെഷല്‍ ഡയറക്ടര്‍ നവ്‌നീത് രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ ഒരു വിവരണം പ്രചരിപ്പിക്കുന്നത് നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ നവനീതിന് പതിറ്റാണ്ടുകളുടെ പരിചയമുണ്ട്.

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ‘സ്ലീപ്പര്‍ സെല്ലുകള്‍’ പോലെയാണ്. സ്വന്തം രാജ്യത്തിനെതിരേ അവര്‍പോലും അറിയാതെ ചിലപ്പോള്‍ മറ്റുള്ളവര്‍ ഉപയോഗിച്ചേക്കാം. മെട്രോ സ്റ്റേഷനുകള്‍, സൈനിക സ്ഥലങ്ങള്‍ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സമീപം വ്‌ലോഗിംഗ് നടത്തുന്നതിലൂടെയും, ഹണി ട്രാപ്പുകള്‍ സ്ഥാപിക്കുന്നതിലൂടെയോ, സെന്‍സിറ്റീവ് ജോലികളിലുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെയും, ജിയോ-ടാഗ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെയും ഇക്കൂട്ടര്‍ അറിയാതെ മറ്റുള്ളവര്‍ക്കു സഹായം ചെയ്യുകയാണ്.

ഠ ഫ്രീലാന്‍സ് ജേണലിസ്റ്റ് പറയുന്നത്

2020-21 ല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഹരിയാനയിലെ ഫ്രീലാന്‍സ് ജേണലിസ്റ്റ് മന്‍ദീപ് പുനിയ മറ്റൊരു അഭിപ്രായക്കാരനാണ്. യാതൊരു തെളിവുമില്ലാതെ ജ്യോതിയെ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറയുന്നു. ‘ഇക്കാലത്ത് ആളുകള്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നതിനുപകരം ആഖ്യാനങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ പുരോഗമനപരമായ വിവരണങ്ങള്‍ പോലും ഇതില്‍ പെട്ടുപോകുന്നു. ഈ സ്ത്രീ അവസാനം കുറ്റവിമുക്തയാക്കപ്പെടും, പക്ഷേ അപ്പോഴേക്കും അവള്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടാകും. ജ്യോതി മല്‍ഹോത്രയെന്ന പേരു മാത്രമാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഹരിയാനയിലും പഞ്ചാബിലും, എല്ലാ ജില്ലകളിലും ആളുകളെ ചാരന്മാര്‍ എന്നു വിളിച്ച് അറസ്റ്റ് ചെയ്യുന്നു. ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ കെണിയില്‍ വീഴരുത്. വസ്തുതകളില്‍ ഉറച്ചുനില്‍ക്കുക. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ പാകിസ്താനിലേക്ക് സന്ദര്‍ശനത്തിനായി പോകാറുണ്ടായിരുന്നു. അന്ന് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനമുണ്ടായിരുന്നു. ഇപ്പോള്‍ അതേ ആളുകളെ ബലിയാടുകളാക്കുന്നു’- അദ്ദേഹം സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

 

(ഒറിജിനല്‍ റിപ്പോര്‍ട്ട് വായിക്കാന്‍)

 

Back to top button
error: