ഇന്ത്യന്‍ ടീമില്‍ തലമുറമാറ്റം; ടെസ്റ്റ് ടീമിനെ ഗില്‍ നയിക്കും; പന്ത് വൈസ് ക്യാപ്റ്റന്‍; കോലിയും രോഹിത്തുമില്ല; കരുണ്‍ നായര്‍ അകത്ത്; സഞ്ജു പുറത്ത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്‌റ്റ് ടീമിനെ ശുഭ്‌മാൻ ഗിൽ നയിക്കും. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. ക്യാപ്‌റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും പടിയിറങ്ങിയശേഷമുള്ള ആദ്യ പരമ്പരയാണ് ഇന്ത്യക്ക്. ജൂൺ 20 മുതൽ ആഗസ്‌ത് നാല് വരെയാണ് ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്‌റ്റ് പരമ്പര.
ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

ALSO READ
ടെസ്റ്റിൽ വൈസ് ക്യാപ്‌റ്റനായിരുന്ന പേസർ ജസ്‌പ്രീത് ബുമ്രയെ മാറ്റിനിർത്തിയാണ് ഗില്ലിനെ ക്യാപ്‌റ്റനാക്കുന്നത്. 25കാരനായ ഗിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവ് തെളിയിച്ചതാണ്. ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് ചാമ്പ്യൻമാരാക്കിയ വലംകൈയൻ ബാറ്റർ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെയും ക്യാപ്‌റ്റനാണ്. കോഹ്‌ലി ഒഴിച്ചിട്ട നാലാം നമ്പറിൽ ഗില്ലാകും കളിക്കുക.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടത്തിന് പിന്നാലെ കരുൺ നായർ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെയിലും റണ്ണടിച്ച് കൂട്ടിയാണ് മുപ്പത്തിമൂന്നുകാരൻ എത്തുന്നത്. ഷാർദുൽ താക്കൂറിനും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവന്നു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി നടത്തുന്ന തകർപ്പൻ പ്രകടനം സായി സുദർശനും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സഹായമായി. ഐപിഎല്ലിലും ആഭ്യന്തര സീസണിലും തിളങ്ങിയ സായ് ടെസ്റ്റിൽ ഇതുവരെയും അരങ്ങേറിയിട്ടില്ല. ശാരീരികക്ഷമത വീണ്ടെടുക്കാത്ത ദേവ്‌ദത്ത് പടിക്കൽ ടീമിലില്ല.