ചാരന്‍മാരെ ഐഎസ്‌ഐ ഉപയോഗിച്ചത് എന്തിന്? പാക് എംബസി കേന്ദ്രമാക്കി വിസയ്ക്കു പകരം സംഘടിപ്പിച്ചത് ആയിരക്കണക്കിന് സിംകാര്‍ഡുകള്‍; വാട്‌സ് ആപ്പും ടെലിഗ്രാമും ഉപയോഗിച്ചു സൈനികരുടെ ഫോണുകള്‍ ചോര്‍ത്തി; ഝലം ജില്ലയില്‍ പ്രത്യേകം കോള്‍ സെന്റര്‍; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍
അടുത്തിടെ നടന്ന പഹല്‍ഗാം ആക്രമണത്തിനുശേഷം നിരവധി ഇന്ത്യന്‍ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും ഇത്തരം നമ്പരുകള്‍ ഉപയോഗിച്ചു ബന്ധപ്പെട്ടിരുന്നു. ഈ നമ്പരുകളെല്ലാം +91 കോഡ് ഉള്ള വാട്‌സ് ആപ്പുകളില്‍നിന്നാണു വന്നത്. സൈനിക നീക്കങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഐഎസ്‌ഐയ്ക്ക് ഇതിലൂടെ ലഭിച്ചു

ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റിലായവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടി വ്യാപകമായി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍. പാകിസ്താനില്‍ ബന്ധുക്കളുള്ള ഹരിയാനയടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള ഗ്രാമീണരുടെ സിംകാര്‍ഡുകളാണ് വിസ നല്‍കുന്നതിനു പകരമായി ആവശ്യപ്പെട്ടിരുന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്ന് നിരവധി പേരെയാണ് ഇന്ത്യ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇതില്‍ ജ്യോതി മല്‍ഹോത്രയെന്ന വനിതയും ഉള്‍പ്പെടുന്നു. ഇവര്‍ നിരവധി തവണ പാകിസ്താനില്‍ പോയിട്ടുണ്ട്. ഇവിടേക്കുള്ള വിസയ്ക്കു പകരം ഇന്ത്യക്കാരുടെ പേരിലുള്ള സിംകാര്‍ഡുകളാണ് പാക് എംബിസിയെക്കൊണ്ട് ഐഎസ്‌ഐ സംഘടിപ്പിച്ചത്. സിംകാര്‍ഡുകള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികമായി 5000 രൂപവരെയും നല്‍കും.

ഈ വ്യക്തികള്‍ പാകി ഹൈക്കമ്മീഷനില്‍ നിയമിച്ച ഐഎസ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരായ ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹീം, സാം ഹാഷ്മി എന്ന മുസമ്മില്‍ ഹുസൈന്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. ഇവരെ പിന്നീട് ഇന്ത്യ പുറത്താക്കിയിരുന്നു. 2018 നും 2024 നും ഇടയില്‍ പാക് ഹൈക്കമ്മീഷനില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ വിസയ്ക്കു പകരം ഇന്ത്യന്‍ സിംകാര്‍ഡുകള്‍ ആവശ്യപ്പെട്ടിരുന്നെന്നു ഹരിയാനയിലെ നൂഹില്‍ നിന്ന് അറസ്റ്റിലായ ആരിഫ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
നേരത്തേ അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് ആരിഫിലേക്ക് അന്വേഷണം എത്തിയത്. ആരിഫിന്റെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചാണ് ഡാനിഷ് ചാരപ്പണി നടത്തുന്ന വ്യക്തിയുമായി ആശയവിനിമയം നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ഐഎസ്ഐ നിര്‍ദേശ പ്രകാരം വിസയ്ക്ക് പകരമായി സിം കാര്‍ഡുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഇന്റലിജന്‍സ് അറിയിച്ചു. വിദ്യാഭ്യാസം കുറഞ്ഞവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആയിരത്തിലധികം ഇന്ത്യന്‍ ഫോണ്‍ നമ്പരുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്.
ഠ സിംകാര്‍ഡുകള്‍ എന്തിന്?
അഞ്ചു വ്യത്യസ്ത രീതികളില്‍ സിംകാര്‍ഡുകള്‍ ഉപയോഗിച്ചെന്നാണ് ഇന്റലിജന്‍സ് വെളിപ്പെടുത്തുന്നത്. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഒരിക്കല്‍പോലും സ്വന്തം നമ്പരില്‍നിന്നു ചാരന്മാരുമായി ബന്ധപ്പെട്ടിരുന്നില്ല. വിസ അപേക്ഷകരോ സ്വന്തം ചാരന്‍മാരോ നല്‍കിയ നമ്പരുകള്‍ ഇതിനുപയോഗിച്ചു. ചാരനെ പിടികൂടിയാല്‍ അവര്‍ക്കു നമ്പരിന്റെ ഉടമസ്ഥാവകാശം നിഷേധിക്കാന്‍ കഴിയും. തെളിവില്ലാതെ അന്വേഷണം നിലയ്ക്കും. രണ്ടാമതായി, എല്ലാ സംഭാഷണങ്ങളും ടെലിഗ്രാം, സിഗ്‌നല്‍ അല്ലെങ്കില്‍ വാട്ട്സ്ആപ്പ് പോലുള്ള എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്നതിനാല്‍ കോള്‍ ഹിസ്റ്ററി ലഭിക്കില്ല. കോളുകള്‍ ചോര്‍ത്തിയാലും തെളിവുകള്‍ കണ്ടെത്താനാകില്ല.
ഇന്ത്യന്‍ സൈനികരുടെയും ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ഹാക്ക് ചെയ്യുന്നതിനോ അവരില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ആണ് ഐഎസ്‌ഐ ഈ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, 2023 മുതല്‍, വാട്ട്സ്ആപ്പ് വഴി ഇന്ത്യന്‍ സൈനികര്‍ക്കും പോലീസിനും സ്പൈവെയര്‍ അയച്ചിരുന്നത് +91 കോഡ് ചെയ്ത ഇന്ത്യന്‍ നമ്പറുകളില്‍ നിന്നാണ്.
ഹൈക്കമ്മീഷനില്‍ നിയമിതരായ ഐഎസ്‌ഐ ഹാന്‍ഡ്ലര്‍മാര്‍ ഈ നമ്പറുകള്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പ് സജീവമാക്കുകയും ഇസ്ലാമാബാദിലെ ഐഎസ്‌ഐ സൈബര്‍ കമാന്‍ഡ് സെന്ററിലെ ഹാക്കര്‍മാര്‍ക്ക് ആക്സസ് നല്‍കുകയും അങ്ങനെ അവര്‍ക്ക് ഇന്ത്യന്‍ സൈന്യത്തെയും പോലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനും അവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാനും കഴിയും. +91 കോഡ് ഉള്ളതിനാലും ഐഎസ്‌ഐ ഹാക്കര്‍ അല്ലെങ്കില്‍ ചാരന്മാര്‍ ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നവരും ആയതിനാല്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പില്‍നിന്നോ മറ്റൊരു ഏജന്‍സിയില്‍നിന്നോ ഉള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ ആള്‍മാറാട്ടം നടത്താന്‍ കഴിയും. ഇത് പെട്ടെന്ന് സൈനികര്‍ തിരിച്ചറിയണമെന്നുമില്ല.
അടുത്തിടെ നടന്ന പഹല്‍ഗാം ആക്രമണത്തിനുശേഷം നിരവധി ഇന്ത്യന്‍ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും ഇത്തരം നമ്പരുകള്‍ ഉപയോഗിച്ചു ബന്ധപ്പെട്ടിരുന്നു. ഈ നമ്പരുകളെല്ലാം +91 കോഡ് ഉള്ള വാട്‌സ് ആപ്പുകളില്‍നിന്നാണു വന്നത്. സൈനിക നീക്കങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഐഎസ്‌ഐയ്ക്ക് ഇതിലൂടെ ലഭിച്ചു.
പഞ്ചാബിലെ ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ +91 നമ്പറുകള്‍ ഉപയോഗിച്ച് പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍നിന്ന് സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കോളുകള്‍ ലഭിച്ചു. ഇസ്ലാമാബാദിലെ ആസ്ഥാനത്തും പാകിസ്ഥാനിലെ ഝലം ജില്ലയിലും ഐഎസ്‌ഐക്ക് ഒരു പ്രത്യേക കോള്‍ സെന്റര്‍ ഉണ്ട്. ഹൈക്കമ്മീഷനിലെ ഹാന്‍ഡ്ലര്‍മാരില്‍ നിന്ന് ലഭിക്കുന്ന ഇന്ത്യന്‍ നമ്പറുകള്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പ് സജീവമാക്കുകയും ഇന്ത്യന്‍ സൈനികരെ നിരീക്ഷിക്കുകയും അവരെ ഹണി ട്രാപ്പില്‍ കുടുക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഏക ജോലി.
പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും സംശയം ജനിപ്പിക്കാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചു. ഏതെങ്കിലും രാജ്യത്തിന്റെ കോഡ് ഉള്ള ഇ-സിമ്മുകള്‍ നല്‍കുന്ന നിരവധി ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും നിലവിലുണ്ട്. എന്നാല്‍, ഇവയില്‍നിന്നുള്ള വിവരങ്ങള്‍ ഇന്ത്യക്കു ലഭിക്കുകയാണെങ്കില്‍ നീക്കങ്ങള്‍ ചോരുമെന്നു മനസിലാക്കിയാണ് യഥാര്‍ഥ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചിരുന്നത്.
ഠ സോഷ്യല്‍ മീഡിയ പ്രചാരണം
സിംകാര്‍ഡുകള്‍ ഉപയോഗിച്ചു സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിക്കുകയും ഇന്ത്യയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന്, രാമക്ഷേത്ര സമര്‍പ്പണ ദിവസം, ബാബ്‌രി സിന്ദ ഹേ #BabriZindaHai എന്ന ഹാഷ്ടാഗ് എക്‌സിലും ഫേസ്ബുക്കിലും ട്രെന്‍ഡായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതേക്കുറിച്ചു ട്വീറ്റ് ചെയ്തു. എന്നാല്‍, റിവേഴ്‌സ് അനാലിസിസിലൂടെ ഈ ട്വീറ്റുകളുടെ ഉറവിടം പാകിസ്താനാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള 70 ശതമാനം ട്വീറ്റുകളും ഇന്ത്യന്‍ വിലാസമാണു കാണിച്ചത്. ഇതിലെല്ലാം ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിന്റെയോ രാഷ്ട്രീയക്കാരന്റെയോ ചിത്രമാണു പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചത്. എന്നാല്‍, പാകിസ്താനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പകരം ഉറുദു ഉപയോഗിച്ചിരുന്നതും അക്കൗണ്ടുകളെ നിരീക്ഷിക്കുന്നതിലേക്കു നയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്കു സര്‍ക്കാര്‍ നടപടികളില്‍ വിയോജിപ്പുണ്ടെന്നു ലോകമെമ്പാടുമുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും ഇതിടയാക്കിയിട്ടുണ്ട്.
പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും മുമ്പ് അഞ്ചുവര്‍ഷമായി ഐഎസ്ഐ സമാനമായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിപിഎന്‍ നമ്പരുകള്‍ തെരഞ്ഞെടുത്തു ലളിതമായി ഇന്ത്യയിലാണു ട്വീറ്റുകളുടെ ഉറവിടമെന്നും പാക് ഹാന്‍ഡ്‌ലര്‍മാര്‍ക്കു സ്ഥാപിക്കാന്‍ കഴിയുമെങ്കിലും റിവേഴ്‌സ് ഐപി അനാലിസിസിലൂടെ ഇവ തുറന്നുകാട്ടപ്പെടും. അതിനാലാണു സിംകാര്‍ഡുകള്‍തന്നെ സംഘടിപ്പിച്ച് അക്കൗണ്ടുകള്‍ തുറക്കുന്നത്.
ഈ സിംകാര്‍ഡുകള്‍ ഉപയോഗിച്ച് തീവ്രവാദ നെറ്റ്‌വര്‍ക്കുകളുമായും ഐഎസ്‌ഐ ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്ഐ ഹാന്‍ഡ്ലര്‍മാരും ടെലിഗ്രാം കമാന്‍ഡര്‍മാരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന തീവ്രവാദികളുമായി ആശയവിനിമയം നടത്തുന്നതിന് വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ അല്ലെങ്കില്‍ മറ്റ് എന്‍ക്രിപ്റ്റ് ചെയ്ത ആപ്പുകള്‍ സജീവമാക്കുന്നതിന് ഈ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. പുല്‍വാമ ആക്രമണ സമയത്ത് സമാന രീതിയിലായിരുന്നു പാക് ഇന്റലിജന്‍സ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നത്. ഏഴു വര്‍ഷമായെങ്കിലും ഇത്തരം നീക്കങ്ങള്‍ പാകിസ്താന്‍ സജീവമാക്കിയിട്ടുണ്ട്. ആരെങ്കിലും പിടിയിലാകുകയോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ ചെയ്താല്‍ പാകിസ്താനുമായി ബന്ധമുണ്ടെന്നു കണ്ടെത്താനും കഴിയില്ല. പാക് ഹൈക്കമ്മീഷന്‍വഴി നിരവധി തീവ്രവാദികള്‍ക്കും സിംകാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വിലയിരുത്തുന്നു.