പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത് 351 റണ്‍സ്; ദ്രാവിഡ് പറഞ്ഞു, ഇവന്‍ ക്യാപ്റ്റനാകും; സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതില്‍ കാര്യമുണ്ട്

ന്യൂഡല്‍ഹി: അസാമാന്യ ക്ഷമയും സുദീര്‍ഘമായ ഓവറുകളുമുള്ള ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിചയ സമ്പന്നരായ നിരവധി കളിക്കാരുള്ളപ്പോള്‍ കേവലം 25 വയസ് മാത്രമുള്ള ശുഭ്മാന്‍ ഗില്‍? ക്രിക്കറ്റിനെ സൂഷ്മമായി വീക്ഷിക്കുന്നവര്‍ക്കുപോലും കൗതുകമുണര്‍ത്തുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ഇപ്പോള്‍ നടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിനു പിന്നാലെയാണ് അടുത്ത ക്യാപ്റ്റന്‍ ആരെന്ന ചോദ്യവും ഉയര്‍ന്നത്.
ഗില്ലിനെ സംബന്ധിച്ച് ഇതൊരു സുദീര്‍ഘമായ കരിയറിന്റെ തുടക്കമാകുമോ? നിയന്ത്രിത ഓവറുകളിലും തകര്‍ത്തു കളിക്കേണ്ട ടി20 ക്രിക്കറ്റിലുമൊക്കെ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായി ഗില്‍ തിളങ്ങിയിട്ടുണ്ട്. അതുമതിയാകുമോ ടെസ്റ്റ് ക്രിക്കറ്റില്‍, അതും ഇരുത്തംവന്ന കളിക്കാരുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിനെപ്പോലുള്ള ടീമിനെതിരേ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗില്‍ ഒരു നേതാവായി ഉയര്‍ന്നു വരുന്നത് ആളുകള്‍ കണ്ടിട്ടുണ്ട്. ഇനി അതു ശരിയാണെന്നു തെരഞ്ഞെടുക്കാനുള്ള സമയമാണ്.

ഇന്ത്യ-പാക് അതിര്‍ത്തി ഗ്രാമമായ പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ പഞ്ചാബി കുടുംബത്തില്‍നിന്നാണു ഗില്ലിന്റെ വരവ്. കാര്‍ഷിക കുടുംബമാണെങ്കിലും ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ പിതാവും ഗില്ലിന് നല്‍കിയ പിന്തുണ ചെറുതല്ല. മൂന്നാം വയസില്‍ ബാറ്റെടുക്കുമ്പോള്‍തന്നെ ഗില്‍ ക്രിക്കറ്റില്‍ കഴിവു തെളിയിക്കുമെന്നു വ്യക്തമായിരുന്നു. ഇതറിഞ്ഞുതന്നെ പിതാവ് ലഖ്‌വിന്ദര്‍ സിംഗ് ദിവസം 500 മുതല്‍ 700 ബോള്‍വരെ ബാറ്റ് ചെയ്യിക്കുമായിരുന്നു. 2007ല്‍ കുടുംബം മൊഹാലിയിലേക്കു പോയി. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടു ഗില്ലിന്റെ പരിശീലനത്തിനും ഏര്‍പ്പാടു ചെയ്തു.
Say Hello to #TeamIndia‘s newest Test Captain @ShubmanGill pic.twitter.com/OkBmNZT5M0
— BCCI (@BCCI) May 24, 2025
12-ാം വയസില്‍ ഗില്ലിന്റെ പ്രകടനം കണ്ടിട്ടാണു മുന്‍ ബൗളറായ കര്‍സാര്‍ ഗാവ്‌രി അണ്ടര്‍-19 ടീമിലേക്ക് ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന് നെറ്റ്‌സില്‍ അതിതീവ്ര പരിശീലനം. അഭിഷേക് ശര്‍മയുടെ ബാല്യകാല സുഹൃത്തുകൂടിയായ ഗില്‍, അണ്ടര്‍ 19 ജില്ലാതല മത്സരത്തില 351 റണ്‍സ് അടിച്ചുകൂട്ടിയതോടെയാണു ശ്രദ്ധയിലേക്കു വന്നത്. പിന്നീടങ്ങോട്ടുള്ളതെല്ലാം ചരിത്രം.
2024ല്‍ ഇംഗ്ലണ്ട് ഇന്ത്യയിലേക്കു വന്നപ്പോള്‍ ഇന്ത്യ പരിവര്‍ത്തനത്തിന്റെ തുടക്കത്തിലായിരുന്നു. രോഹിത് ശര്‍മ്മ, വിരാട് കോലി, ആര്‍. അശ്വിന്‍ എന്നിവരെല്ലാം ഒരേ പ്രായക്കാര്‍. ഇന്ത്യ 4-1 ന് വിജയിച്ചു. തുടര്‍ന്നുള്ള കളികള്‍ പൂര്‍ത്തിയായപ്പോള്‍ 31 ശരാശരിയില്‍ തന്റെ സ്ഥാനത്തിനൊത്ത് ഉയര്‍ന്നുവന്ന ഗില്‍ രണ്ടു സെഞ്ചുറികളും നേടി. ഇംഗ്ലണ്ടുമായുള്ള പരമ്പരയ്‌ക്കൊടുവില്‍ ഗില്ലിലെ നേതൃത്വപരമായ പങ്ക് കണ്ടെത്തിയത് കോച്ച് രാഹുല്‍ ദ്രാവിഡ് ആണ്. കരിയറില്‍ സ്വയം ശ്രദ്ധ വയ്ക്കുന്നതിനു പകരം ടീമിന്റെ ആകെയുള്ള ആസൂത്രണത്തില്‍ പങ്കാളിയാകാനുള്ള ഗില്ലിന്റെ കഴിവും സെലക്ടര്‍മാര്‍ ശ്രദ്ധിച്ചു.
മറ്റുള്ളവരുടെ കളിയിലേക്കും ഗില്ലിന്റെ നോട്ടമെത്തി. പ്രായത്തില്‍ കവിഞ്ഞ പക്വതയുമായി ചില നിര്‍ദേശങ്ങളും നല്‍കി. മറ്റു കളിക്കാര്‍ തകര്‍ത്തു കളിക്കുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്ലിന്റെ ശ്രദ്ധാലുവാണെന്നും അവര്‍ കണ്ടു. അപ്പോഴും, ഗുജറാത്ത് ടൈറ്റനെ നയിക്കുന്നതിലേക്കു പോലും ഗില്‍ എത്തിയിരുന്നില്ല. അണ്ടര്‍ 19 ലും ഗില്‍ ക്യാപ്റ്റനായില്ല. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ ഒരു മത്സരത്തില്‍ നയിച്ചതിന്റെ പരിചയം മാത്രമായിരുന്നു ആകെയുണ്ടായിരുന്നത്. പക്ഷേ, കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഗില്‍ ഒരു നേതാവായി വളരുന്നത് സെലക്ടര്‍മാര്‍ ശ്രദ്ധിച്ചു. ഗുജറാത്തില്‍ കൗശലക്കാരനായ ആശിഷ് നെഹ്റയ്ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, അദ്ദേഹം കൂടുതല്‍ ആത്മവിശ്വാസവും ഉറപ്പും ഉള്ളവനായി മാറിക്കഴിഞ്ഞിരിക്കുന്നു.
Shubman Gill-led #TeamIndia are READY for an action-packed Test series
A look at the squad for India Men’s Tour of England #ENGvIND | @ShubmanGill pic.twitter.com/y2cnQoWIpq
— BCCI (@BCCI) May 24, 2025
പക്ഷേ, നേതൃമാറ്റം തീരുമാനിക്കാന്‍ ഒരിക്കലും അനുയോജ്യമായ സമയമുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റുകളില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി സെലക്ടര്‍മാര്‍ നിയമിക്കണമായിരുന്നു. ഓസ്ട്രേലിയയിലേക്ക് പോകുന്നതിനുമുമ്പ്, രണ്ട് ഹോം പരമ്പരകളില്‍ – ന്യൂസിലന്‍ഡിലും മറ്റൊന്നിലും അദ്ദേഹത്തിനു പരിചയം ലഭിക്കുമായിരുന്നു. കുട്ടിയുടെ ജനനത്തെ തുടര്‍ന്നു രോഹിത്ത് കളി പുനരാരംഭിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത് സ്വയം പുറത്തുപോകുമെന്ന് ആരും കരുതിയുമില്ല. പകരം ബുംറ ക്യാപ്റ്റനായി. പക്ഷേ, അത് തകര്‍ച്ചയിലാണു കലാശിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ കളികളും കളിക്കേണ്ടിവന്നു. അത് ബുംറ അദ്ദേഹത്തിനുതന്നെ ഭീഷണിയാകുന്ന തലത്തിലേക്ക് എത്തിച്ചു. ബുംറയുടെ കാര്യത്തില്‍ ഇനിയൊരു റിസ്‌ക് എടുക്കാന്‍ ഇന്ത്യ തയാറാകില്ല. അത്രയേറെ വിലയുണ്ട് നിലവില്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്.
ഗില്‍ തന്റെ ക്യാപ്റ്റന്‍സി ആരംഭിക്കേണ്ടിയിരുന്നത് ഇത്രയും കഠിനമായ ടൂറില്‍നിന്നല്ലായിരുന്നു എന്നു വാദിക്കാം. പക്ഷേ, സെലക്ടര്‍മാര്‍ക്കു രണ്ടു കാര്യങ്ങളെക്കുറിച്ചു വ്യക്തതയുണ്ടായിരുന്നു. ക്യാപ്റ്റന്‍ മികച്ച ഇലവനില്‍നിന്നായിരിക്കം. അതിലൂടെ രോഹിത്ത് പുറത്തായി. പിന്നെയുള്ളതു കെ.എല്‍. രാഹുലും കോലിയുമാണ്. പക്ഷേ, വെറുതേയൊരു വിടവു നികത്തുന്നതില്‍ സെലക്ടര്‍മാര്‍ താത്പര്യം കാണിച്ചില്ല.
ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍കൂടി കണക്കിലെടുത്ത്, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ശരാശരി ടെസ്റ്റ് മത്സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ഗില്ലും പന്തുമല്ലാതെ മറ്റാരും അവര്‍ക്കു മുന്നിലില്ലായിരുന്നു. വലിയ ഒരു ആക്‌സിഡന്റില്‍നിന്ന് പന്ത് തിരിച്ചുവന്നു. തുടര്‍ച്ചയായ പത്തു ടെസ്റ്റുകള്‍ കളിച്ച് പ്രതീക്ഷയ്ക്കപ്പുറം പന്ത് ഉയര്‍ന്നു. എങ്കിലും ക്യാപ്റ്റനു പകരം വൈസ് ക്യാപ്റ്റന്‍ ആക്കിയതിലൂടെ ‘കരുതിയിരിക്കൂ’ എന്ന സൂചനയാണ് പന്തിനും സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്.
32 ടെസ്റ്റുകള്‍ക്ക് ശേഷം ഗില്ലിന്റെ ശരാശരി 35.05 ആണ്. സെലക്ടര്‍മാരെ വെറും സംഖ്യകള്‍ക്കപ്പുറം വിശ്വസിക്കേണ്ടത് ഇവിടെയാണ്. ഏകദിനങ്ങളില്‍ ഗില്ലിന്റെ പ്രകടനം അവര്‍ വിലയിരുത്തി. കേവലം സംഖ്യകള്‍ക്കപ്പുറം പരിശോധിച്ചാല്‍, ഗില്‍ ബാറ്റ് ചെയ്ത ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ കാണാന്‍ കഴിയും. അദ്ദേഹം ഉള്‍പ്പെട്ട ടെസ്റ്റുകളില്‍, എല്ലാ മികച്ച ആറ് ബാറ്റ്സ്മാന്‍മാരുടെയും മൊത്തത്തിലുള്ള ശരാശരി 32.92 ആണ്. ബാറ്റിംഗ് ശരാശരിയുടെ പേരില്‍ ഗില്ലിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നു വ്യക്തം.
2013, 2014, 2015 വര്‍ഷങ്ങളില്‍ നിന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഈ ഘട്ടം വളരെ വ്യത്യസ്തമല്ല. സമാനമായ രീതിയിലാണ് കോലി നായക സ്ഥാനം ഏറ്റെടുത്തത്. അന്ന് അദ്ദേഹത്തിന് 26 വയസും ഗില്ലിന് 25 വയസുമാണ്. 29 ടെസ്റ്റുകള്‍ കളിച്ച കോലി 39.46 ശരാശരി നേടി. ഇംഗ്ലണ്ട് പര്യടനം കോലിയെ സംബന്ധിച്ച് പരീക്ഷണമായി മാറി. അതു മറികടക്കാന്‍ കോലിക്കു കഴിഞ്ഞില്ല. അക്കാലത്ത് വണ്‍ഡേയിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു കോലി. ഗില്ലിന്റെ കാര്യത്തിലും ഇതു സമാനമാണ്. അക്കാലത്തു കോലി ഐപിഎല്‍ ക്യാപ്റ്റനായും രണ്ടു സീസണുകള്‍ കളിച്ചു. കോലിക്കു പിന്തുണയുമായി എപ്പോഴും രവി ശാസ്ത്രിയുണ്ടായിരുന്നു. പ്രതിരോധത്തിലാകുമ്പോള്‍ കോലിയെ സംരക്ഷിച്ചു. ഉയര്‍ത്തിക്കാട്ടേണ്ടപ്പോള്‍ അതും ചെയ്തു. ബിസിസിഐയുടെ ഭാഗത്തുനിന്നും കോലിക്കു പിന്തുണ കിട്ടി. ധോണിയുടെ അനുഗ്രഹവും ലഭിച്ചു. ഗില്ലിനു പക്ഷേ, ഈ ആഡംബരങ്ങള്‍ ഉണ്ടായേക്കില്ല.
കോലിക്കും അനിശ്ചിതമായ തുടക്കമായിരുന്നു. മുഴുവന്‍ സമയ ക്യാപ്റ്റനായിരുന്ന ധോണി കളിക്കുമോ ഇല്ലയോ എന്നതില്‍ പോലും വ്യക്തതയില്ലായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയ്ക്കിടയില്‍ ധോണി വിരമിച്ചു. പക്ഷേ, കോലിയും രോഹിത്തും വിരമിക്കുന്ന സമയത്തുതന്നെ ഗില്ലിന്റെ നിയമനം ഉചിതമായെന്നു വിലയിരുത്താം. ടീമിനെക്കുറിച്ച് കോലിക്കുണ്ടായിരുന്നത്ര ആശയക്കുഴപ്പം ഗില്ലിനുണ്ടാകില്ല. ടീമിന്റെ സെലക്ടര്‍മാരുമായി പ്രായോഗികമായ കൂടിക്കാഴ്ചകള്‍ നടത്താന്‍ കഴിയും. ടൂര്‍ണമെന്റിനു മുമ്പുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് എന്താണു വേണ്ടതെന്നും എന്തു ചെയ്യണമെന്നും അയാള്‍ക്കു വ്യക്തതയുണ്ട്, ആരും ഇടയ്ക്കുവച്ചു വിരമിച്ചേക്കുമെന്ന ഭയമില്ലാതെ കളിക്കാനും കഴിയും.
ഇനി സ്വന്തം പാത നിശ്ചയിക്കേണ്ടതു ഗില്ലിന്റെ തീരുമാനമാണ്. ഇന്ത്യ മുമ്പ് ഓസ്‌ട്രേലിയയില്‍ കളിച്ചു രണ്ടാംസ്ഥാനത്തു തൃപ്തിപ്പെട്ടതുപോലെ വേണമോ എന്നത് അദ്ദേഹം തീരുമാനിക്കണം. മൂന്നാം സ്ഥാനത്ത് തുടരണോ അതോ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വഹിക്കുന്ന നാലാം സ്ഥാനം ഏറ്റെടുക്കണോ എന്ന് അദ്ദേഹം തീരുമാനിക്കണം. അതിലും പ്രധാനമായി, അദ്ദേഹത്തിന് വലിയ റണ്‍സ് നേടേണ്ടതുണ്ട്, അത് ആര്‍ക്കും അദ്ദേഹത്തിന് ചെയ്യാന്‍ കഴിയില്ല.
2014-15 ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കോലി നാല് സെഞ്ചുറികള്‍ നേടി. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അധികാരവും ഉറപ്പിച്ചു. ക്യാപ്റ്റന്‍സിയില്‍ ഗില്ലിന് സഹായം ലഭിച്ചേക്കും. പക്ഷേ, അദ്ദേഹം റണ്‍സ് നേടേണ്ടതുണ്ട്. വെല്ലുവിളി നിറഞ്ഞ സമയമാണിത്. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റിനും ഗില്ലിനും ആവേശകരമായ സമയംകൂടിയാണ്.