
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പ്രത്യേക പരിശോധനാ സംഘത്തെക്കണ്ട് മുങ്ങിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായി. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ എം.എസ്.മനോജിനെയാണ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം രണ്ടിനാണ് സംഭവം.
യൂണിറ്റിലെ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താന്‍ അന്നു നിയോഗിച്ചിരുന്നത് മനോജിനെയാണ്. എന്നാല്‍ മനോജ് രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയപ്പോള്‍ പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു. മാനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിക്കാന്‍ ഡ്യൂട്ടി സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പരിശോധകസംഘത്തെ കണ്ട് മനോജ് ഡിപ്പോയില്‍നിന്ന് അറിയിപ്പോ അനുമതിയോ ഇല്ലാതെ പുറത്തുപോയി.

വിഷയം അന്വേഷിച്ച വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ നടപടി എടുക്കുകയായിരുന്നു. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് മനോജിനെ 20ന് സസ്പെന്‍ഡ് ചെയ്തത്.