
കോട്ടയം: ബിജെപി അനുകൂല മനസുള്ള ക്രൈസ്തവരെ അണിനിരത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടി കോട്ടയത്ത് ഒരുങ്ങുന്നു. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയം ഈരയില്‍കടവ് ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടകന്‍.
ബിജെപി ആഭിമുഖ്യമുള്ളവരെ ലക്ഷ്യമിടുന്ന സംഘടനാ രൂപീകരണ ചടങ്ങില്‍ ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ.മാത്യുവിന്റെ നേതൃത്വത്തിലാണ് കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുനമ്പം വിഷയമടക്കം ഉയര്‍ത്തി ന്യൂനപക്ഷവോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതും.

ഇതിനിടെ പാര്‍ട്ടി നേതൃത്വങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഷൈന്‍ലാലും 20 കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
എസ്.എഫ്.ഐ തിരുവനന്തപുരം മുന്‍ ജില്ലാപ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഗോകുല്‍ ഗോപിനാഥും കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നു. സി.പി.എം കുടപ്പനക്കുന്ന് ലോക്കല്‍കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ഗോകുല്‍ ഗോപിനാഥ് . 2021 മുതല്‍ 23 വരെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഗോകുല്‍ ഗോപിനാഥിനെ നേരത്തെ പുറത്താക്കിയതാണെന്ന് സി.പി.എം അറിയിച്ചു.