‘ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ല, നീതി ലഭിക്കാന്‍ അവധി തടസമാകരുത്’; ചാന്‍സലര്‍ വിഷയത്തില്‍ തമിഴ്‌നാടിനെ നിര്‍ത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി; സ്റ്റാലിന് തിരിച്ചടിയായത് എന്ത്? നിയമത്തില്‍ ഗുരുതര വീഴ്ച; യൂണിവേഴ്‌സിറ്റി വിസി നിമയനത്തില്‍ പ്രതിസന്ധി

ചെന്നൈ: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. കേരളത്തില്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ എടുത്തുമാറ്റുന്ന നിയമ നിര്‍മാണം നിയമസഭ പാസാക്കിയിരുന്നു. കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ല് പിടിച്ചുവച്ച നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍, കഴിഞ്ഞ സുപ്രീം കോടതി വിധിയോടെ, ഈ കേസ് പിന്‍വലിക്കുകയും എല്ലാവര്‍ക്കും വിധി ബാധകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു.
എന്നാല്‍, തമഴ്‌നാട്ടില്‍ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇടക്കാല വിധിയാണു പുറപ്പെടുവിച്ചതെങ്കിലും ഇതു സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ അടുത്തിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍.

തമിഴ്‌നാട്ടില്‍ ചാന്‍സലര്‍ പദവി എടുക്കു കളയുന്നതിനു പകരം വൈസ് ചാന്‍സലര്‍മാര്‍രെ നിയമിക്കാനുള്ള അവധികാരം എടുത്തുകളയുകയാണു ചെയ്തത്. ഗവര്‍ണര്‍ ബില്ലുകള്‍ ദീര്‍ഘകാലം പിടിച്ചുവച്ചു. 2025 ഏപ്രില്‍ 8 ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് ഭരണഘടനാപരമായ ഉത്തരവ് നേടി. കാലതാമസം ഗൗരവമായി പരിഗണിച്ച സുപ്രീം കോടതി ബില്ലുകള്‍ അംഗീകരിച്ചതായി ചൂണ്ടിക്കാട്ടി ഉത്തരവിട്ടു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഭേദഗതി ബില്ലുകള്‍ നിയമങ്ങളായി മാറി.
തുടര്‍ന്ന്, തിരുനെല്‍വേലി ആസ്ഥാനമായുള്ള അഭിഭാഷകനായ കുട്ടി എന്ന കെ. വെങ്കിടാചലപതി, ഭേദഗതി നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് 2025 മെയ് 12 ന് മദ്രാസ് ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍, ജസ്റ്റിസ് വി. ലക്ഷ്മി നാരായണന്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജികള്‍ പരിഗണിച്ചു. മേയ് 21ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. വിസിമാരെ നിയമിക്കാനുള്ള ചാന്‍സലുടെ അധികാരം എടുത്തുമാറ്റിയ നിയമഭേദഗതിയാണു സ്‌റ്റേ ചെയ്തത്.
ഠ ന്യായീകരണം എന്ത്?
സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവിയില്‍നിന്ന് ഗവര്‍ണറെ നിയമഭേദഗതിയിലൂടെ മാറ്റുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. തമിഴ്നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റി, അണ്ണാ യൂണിവേഴ്സിറ്റി, തമിഴ്നാട് ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റി, തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ചാന്‍സലറുടെ അധികാരം എടുത്തുകളയുക മാത്രമാണു നിയമത്തിലൂടെ ചെയ്തത്.
സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരുടെയും മറ്റ് അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനുള്ള മിനിമം യോഗ്യതകള്‍ സംബന്ധിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ റെഗുലേഷന്‍സ്, 2018 ലെ റെഗുലേഷന്‍ 7.3 ന് വിരുദ്ധമാണ് ഭേദഗതി നിയമങ്ങള്‍ എന്ന് ബെഞ്ച് കണ്ടെത്തി. ഒരു സെര്‍ച്ച്-കം-സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പേരുകളില്‍നിന്ന് ചാന്‍സലര്‍ക്ക് മാത്രമേ വൈസ് ചാന്‍സലറെ നിയമിക്കാന്‍ കഴിയൂ എന്ന് യുജിസി റെഗുലേഷനുകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ക്ക് പകരം സംസ്ഥാന സര്‍ക്കാരിന് അത്തരമൊരു അധികാരം നല്‍കുന്ന ഭേദഗതി നിയമങ്ങള്‍ 2018 ലെ യുജിസി നിയമവുമായി ചേര്‍ന്നു പോകുന്നില്ലെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.
ഠ സംസ്ഥാന നിയമങ്ങള്‍ക്ക് മുകളിലോ യുജിസി?
സംസ്ഥാന നിയമങ്ങളെക്കാള്‍ യുജിസി നിയന്ത്രണങ്ങള്‍ക്കു പ്രാധാന്യമുണ്ടെന്നു സുപ്രീംകോടതി സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഭീര്‍ധന്‍ കെ. ഗാധ്വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (2022) കേസിലെ സുപ്രീം കോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
‘1956 ലെ യുജിസി ആക്ടിന്റെ സെക്ഷന്‍ 26(1)(ഇ), 26(1)(ജി) എന്നിവ പ്രകാരം നിയമങ്ങള്‍ നടപ്പാക്കാം. യുജിസി നിയമത്തിന്‍കീഴില്‍ നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും അത് പാര്‍ലമെന്റിലെ ഓരോ സഭയ്ക്കും മുന്നില്‍ വയ്‌ക്കേണ്ടതാണ്. അതിനാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോഴും അത് യുജിസി നിയമവുമായി യോജിച്ചു പോകണം’ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനു സമാനമായ വിധി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും നടത്തിയിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാന സര്‍ക്കാരിനു വിസിമാരെ നിയമിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട് എങ്കിലും യുജിസി നിയമപ്രകാരം ആയിരിക്കണം അത് എന്നു വ്യക്തം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് ചാന്‍സലര്‍ക്കാണ് വിസിയുടെ നിയമനാധികാരം. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റാത്തിടത്തോളം കാലം മറ്റു നിയമങ്ങള്‍ നിലവിലെ യുജിസി നിയമങ്ങള്‍ക്കു വിരുദ്ധമാകുമെന്നും ചന്ദ്രചൂഡ് ചൂണ്ടികാട്ടി.
ഇക്കാര്യങ്ങളടക്കം നിരവധി സുപ്രീം കോടതിയുടെ വിധികള്‍ ഉദ്ധരിച്ചാണു ജസ്റ്റിസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് നിയമം സ്‌റ്റേ ചെയ്തിരിക്കുന്നത്. സുപ്രീം കോടതി അടുത്തിടെ ഇറക്കിയ നാലു വിധിന്യായങ്ങള്‍ പ്രയോഗിക്കേണ്ടത് ജുഡീഷ്യല്‍ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഠ സ്റ്റേ ചെയ്യാന്‍ കോടതിക്ക് അധികാരമുണ്ടോ?
നിയമസഭ പാസാക്കിയ നിയമങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ കോടതിക്കു കഴിയുമോ എന്ന ചോദ്യവും കോടതി പരിഗണിച്ചിട്ടുണ്ട്. 2021ല്‍ ഡോ. ജയ്ശ്രീ ലക്ഷ്മണ്‍റാവു പാട്ടീലും മഹാരഷ്ട്രയും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ‘സാധാരണയായി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ തെറ്റെന്നു ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവുകള്‍ ഇറക്കാറില്ലെങ്കിലും ഒരു നിയമം പ്രത്യക്ഷത്തില്‍ ഭരണഘടനാ വിരുദ്ധമോ ഈ കോടതി നിര്‍ദ്ദേശിച്ച നിയമത്തിന് വിരുദ്ധമോ ആകുമ്പോള്‍ ഇടക്കാല ഉത്തരവുകള്‍ പാസാക്കുന്നതില്‍ തടസമില്ല’ എന്ന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു.
ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതിതന്നെ സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തമിഴ്‌നാട് ഉന്നത വകുപ്പിനെ പ്രതിനിധീകരിക്കുന്ന അഡ്വ. പി. വില്‍സണ്‍ കാര്‍ഷിക ബില്ലിലെ ഒരുകൂട്ടം ഹര്‍ജിക്കാരുടെ അഭിഭാഷകമായിരുന്നു എന്നതു നിയമങ്ങള്‍ സ്‌റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്തതും ജസ്റ്റിസ് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.
ഠ അവധിക്കാല ബെഞ്ചിന് ഉത്തരവിടാമോ?
ഹൈക്കോടതി അവധിയിലാണ് എന്നതു കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്നും ജഡ്ജിമാരുടെ അധികാരത്തില്‍ മാറ്റം വരുത്തുന്നില്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വാമിനാഥന്‍ ഖണ്ഡിച്ചത്. സര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും സ്‌റ്റേ അപേക്ഷ പരിഗണിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
‘ഹൈക്കോടതി അവധിയിലാണെന്നതും ഞങ്ങള്‍ അവധിക്കാല ബെഞ്ച് ജഡ്ജിമാരായി ഇരിക്കുന്നതും ശരിയാണ്. പക്ഷേ, അത് കോടതിയുടെ അധികാരങ്ങളില്‍ മാറ്റമുണ്ടാക്കുന്നില്ല. അവധിക്കാല സിറ്റിങ്ങുകള്‍ ‘ഭാഗിക പ്രവൃത്തി ദിവസങ്ങള്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തില്‍ നിന്ന് ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. ജഡ്ജിമാര്‍ക്ക് അവധിയിലാകാം, കോടതികള്‍ അവധിയിലാകരുത്. നീതിയിലേക്കുള്ള പ്രവേശനം എല്ലായ്‌പ്പോഴും ലഭ്യമായിരിക്കണം. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം പാസാക്കിയതായി ഒരു അഭിഭാഷകന്‍ പരാതിപ്പെടുമ്പോള്‍, ഞങ്ങള്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇടപെടാന്‍ ഉദ്ദേശിക്കുന്നത്’ എന്നും ബെഞ്ച് പറഞ്ഞു.
സംസ്ഥാനത്തിനു രേഖാമൂലം പ്രതികരണം അറിയിക്കാന്‍ ഒരാഴ്ച സമയം ചോദിച്ചതിനെയും കോടതി വിമര്‍ശിച്ചു. ‘പാസാക്കിയ നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയും വെറുപ്പും പ്രകടമാണ്. ഇതിനെതിരേ കണ്ണടയ്ക്കാന്‍ കഴിയില്ല. നിരവധി ന്യൂനതകളുള്ള നിയമം പ്രത്യക്ഷത്തില്‍ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധ പ്രക്രിയ തുടരാന്‍ അനുവദിച്ചാല്‍, അത് പൊതുതാത്പര്യത്തിന് അപരിഹാര്യമായ പരിക്കുണ്ടാക്കും’- കോടതി പറഞ്ഞു.
ഠ ഗവര്‍ണര്‍ കേസിലെ വിധിക്കു തുല്യമോ?
ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതിനെതിരേ നടത്തിയ വിധി തിരുത്തുന്നതിനു തുല്യമാകും ഹൈക്കോടതി വിധിയെന്ന വാദത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ‘തമിഴ്‌നാട് സര്‍ക്കാരിന്റെ കേസില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതി നടത്തിയ വിധിയെ മറികടക്കുന്നതാണ് സ്‌റ്റേ നടപടികളെന്ന പി. വില്‍സന്റെ വാദത്തേക്കാള്‍ അസംബന്ധമായ മറ്റൊരു വാദമില്ല. ഞങ്ങളുടെ സ്ഥാനത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. സുപ്രീം കോടതിയുടെ ഏതൊരു തീരുമാനത്തിനും ഏറ്റവും ഉയര്‍ന്ന ബഹുമാനം നല്‍കണമെന്ന് ഞങ്ങള്‍ക്കറിയാം. ഇക്കാര്യത്തില്‍ വില്‍സണിന്റെ പ്രഭാഷണം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ ജുഡീഷ്യല്‍ അച്ചടക്കത്തില്‍ വിശ്വസിക്കുന്നു. നിയമസഭാ ബില്ലുകളിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിധിക്കു ബന്ധമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്’. പ്രതിഷേധത്തിന് ഇടയാക്കിയ നിയമ ഭേദഗതികള്‍ സുപ്രീം കോടതിയുടെ നിയമത്തിന് വിരുദ്ധമാണെന്നു കണ്ടെത്തുമ്പോള്‍ അതു യാന്ത്രികമായി മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നും ഇടക്കാല സ്‌റ്റേ നല്‍കുന്നതിന് പ്രേരിപ്പിക്കുന്നത് ഇതാണെന്നും ബെഞ്ച് വിധിയില്‍ പറയുന്നു.