NEWSSocial Media

യുട്യൂബ് ചാനല്‍ അപ്രത്യക്ഷം, സോഷ്യല്‍മീഡിയയിലും കാണാനില്ല; വിഷ്ണു പഴയതെല്ലാം മറന്നു; മകന്റെ പേര് നെഞ്ചില്‍ പച്ചകുത്തി, അനുശ്രീ എങ്ങോട്ടാണ് മറഞ്ഞത്?

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സീരിയല്‍ താരം അനുശ്രീയുടേത്. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടി പിന്നീട് മുതിര്‍ന്നശേഷവും പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ സീരിയലില്‍ ചെയ്തു. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. അതൊരു പ്രണയ വിവാഹമായിരുന്നതുകൊണ്ട് തന്നെ അന്ന് അത് വലിയ വാര്‍ത്തയായി.

സീരിയല്‍ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. വിഷ്ണുവുമായുള്ള അനുശ്രീയുടെ വിവാഹത്തിന് നടിയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം അനുശ്രീ ഒളിച്ചോടി പോയാണ് വിവാഹിതയായത്. 2021ല്‍ തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

Signature-ad

ഇരുവരുടേയും കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ചെറുപ്പത്തില്‍ തന്നെ അനുശ്രീയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. അതിനുശേഷം അമ്മയാണ് നടിയെ സംരക്ഷിച്ചിരുന്നത്. അമ്മയുടെ ബന്ധുക്കളായിരുന്നു എല്ലാത്തിനും അനുശ്രീക്ക് സഹായമായി ഉണ്ടായിരുന്നത്. എല്ലാവരേയും എതിര്‍ത്ത് ഇറങ്ങിപ്പോയതുകൊണ്ട് തന്നെ വിവാഹശേഷം അമ്മയും ബന്ധുക്കളും അനുശ്രീയില്‍ നിന്നും അകലം പാലിച്ചിരുന്നു.

തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് അമ്മയേയും ബന്ധുക്കളേയും കൊണ്ട് ഒരുനാള്‍ പറയിപ്പിക്കുമെന്ന വാശിയില്‍ തന്നെയാണ് വിഷ്ണുവിനൊപ്പം അനുശ്രീ ജീവിച്ച് തുടങ്ങിയത്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ നടി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

വിഷ്ണുവിന്റെ വീട്ടില്‍ വെച്ച് വളകാപ്പ് ചടങ്ങ് നടത്തിയശേഷം അനുശ്രീ അമ്മയ്ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് വിഷ്ണുവിന് അടുത്തേക്ക് തിരികെ വന്നതേയില്ല. ആരവ് എന്നൊരു മകനാണ് അനുശ്രീക്ക് ജനിച്ചത്. നൂലുകെട്ടിനുപോലും വിഷ്ണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അമ്മയ്ക്കൊപ്പം പോയശേഷം അനുശ്രീ ആളാകെ മാറി എന്നാണ് വിഷ്ണു പിന്നീട് വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.

മകന്റെ ജനനശേഷം അനുശ്രീയും വിഷ്ണുവും തമ്മിലുള്ള അകലം വര്‍ധക്കുകയാണുണ്ടായത്. ഇരുവരും സോഷ്യല്‍മീഡിയ പേജില്‍ നിന്നും കപ്പിള്‍ ഫോട്ടോകള്‍ നീക്കം ചെയ്യുകയും ചെയ്തു. വിവാഹബന്ധം തകര്‍ന്നശേഷം മകനും അമ്മയുമായിരുന്നു അനുശ്രീയുടെ ലോകം. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച അനുശ്രീ യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു.

മകന്റെ വിശേഷങ്ങളായിരുന്നു ഏറെയും പങ്കുവെച്ചിരുന്നത്. എന്നാല്‍ ഏറെ നാളുകളായി സോഷ്യല്‍മീഡിയയില്‍ നിന്നും അകന്ന് കഴിയുകയാണ് അനുശ്രീ. യാതൊരു വിധത്തിലുള്ള അപ്ഡേറ്റുകളും പങ്കുവെക്കാറില്ല. വലിയൊരു ഇടവേളയ്ക്കുശേഷം അനുശ്രീ പങ്കുവെച്ചത് കാത് കുത്തുന്ന വീഡിയോയായിരുന്നു.

മാത്രമല്ല അനുശ്രീയുടെ യുട്യൂബ് ചാനലും അപ്രത്യക്ഷമായി. അമ്പതിനായിരത്തിന് മുകളില്‍ സബ്സ്‌ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായിരുന്നു നടിയുടേത്. ഇപ്പോഴിതാ അനുശ്രീയുടെ പുതിയൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മകന്റെ പേര് നെഞ്ചില്‍ പച്ചകുത്തിയ അനുശ്രീയാണ് വീഡിയോയിലുള്ളത്. അമ്മയുടേയും മകന്റേയും കൈകളും പേരിനൊപ്പം അനുശ്രീ ശരീരത്തില്‍ ടാറ്റു ചെയ്തു. ഇനിയങ്ങോട്ട് മകന്‍ മാത്രമാണ് തനിക്കെല്ലാമെന്ന് പറയാതെ പറയുന്നത് പോലെയായിരുന്നു പുതിയ ടാറ്റു.

പുതിയ വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് അനുശ്രീയുടെ വിവരങ്ങള്‍ തിരക്കി എത്തിയത്. കുറേ നാളായല്ലോ കണ്ടിട്ട് എവിടെയായിരുന്നുവെന്ന് അന്വേഷിച്ചുള്ള കമന്റുകളാണ് ഏറെയും. എന്നാല്‍ അനുശ്രീ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. അതേസമയം അനുശ്രീയുടെ മുന്‍ ഭര്‍ത്താവ് വിഷ്ണു മറ്റൊരു പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതിന് കാരണം നടി സ്വാതി നിത്യാനന്ദയ്ക്കൊപ്പമുള്ള വിഷ്ണുവിന്റെ ചില ഫോട്ടോകള്‍ പുറത്ത് വന്നുവെന്നതാണ്. നെറുകയില്‍ സിന്ദൂരം ചാര്‍ത്തി വിഷ്ണുവിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്വാതിയാണ് വൈറലായ ചിത്രത്തിലുണ്ടായിരുന്നത്. അനുശ്രീയുടെ ജീവിത്തിലേക്ക് മറ്റാരും ഇതുവരെ കടന്നുവന്നിട്ടില്ലെന്നാണ് പുതിയ വീഡിയോയില്‍ നിന്നും മനസിലാകുന്നത്.

 

 

 

 

Back to top button
error: