വേറെ നടിമാരൊന്നും ഇല്ലേ? മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ വിവാദം; കര്‍ണാടകയ്ക്ക് പുറത്ത് സോപ്പ് എത്തിക്കാന്‍ തമന്ന വേണമെന്ന് മന്ത്രി; വില്‍പന 5000 കോടിയാക്കും

മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. കന്നട നടിമാരുള്ളപ്പോള്‍ പുറത്ത് നിന്നൊരാള്‍ എന്തിന് എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. സാൻഡൽവുഡിൽ പ്രതിഭകൾക്ക് ക്ഷാമമുണ്ടോ? എന്നാണ് ഒരു ഉപയോക്താവ് സോഷ്യല്‍മീഡിയയില്‍ ചോദിച്ചത്. പ്രാദേശിക കലാകാരന്മാരെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാത്തതിനും സർക്കാരിനെ വിമർശിച്ച് ആളുകള്‍ രംഗത്തെത്തുന്നുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വാണിജ്യ, വ്യവസായ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി എം.ബി. പാട്ടീലും രംഗത്തെത്തി. കർണാടകയ്ക്ക് പുറത്തേക്കുള്ള വിപണികളിൽ എത്തിച്ചേരാനുള്ള ഒരു മാർഗമായിട്ടാണ് തങ്ങളുടെ തീരുമാനമെന്നാണ് അദ്ദേഹം നടപടിയെ കുറിച്ച് പറഞ്ഞത്. ബ്രാൻഡ് അംബാസഡറെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ബ്രാൻഡിനെ എല്ലാ വിഭാഗങ്ങളിലും എത്തിക്കേണ്ടതുണ്ടെന്നും 2028 ആകുമ്പോഴേക്കും വാര്‍ഷിക വുമാനം 5000 കോടിയായി ഉയര്‍ത്തണമെന്നും മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ 28.2 ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ 5.8 ദശലക്ഷം ഫോളോവേഴ്‌സും തമന്ന ഭാട്ടിയയ്ക്കുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന നിലയില്‍ തമന്ന നിരവധി ഉല്‍പ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായിട്ടുണ്ട്. അടുത്തിടെയാണ് മൈസൂർ സാൻഡൽ സോപ്പിന്റെ അംബാസഡറായി തമന്നയെ നിയമിക്കുന്നത്. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്ന ഒപ്പിട്ടത്. സമൂഹമാധ്യമങ്ങളില്‍ വലിയ എതിര്‍പ്പാണ് തിരഞ്ഞെടുപ്പിന് വരുന്നതെങ്കിലും സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്നയെ നിയമിച്ച വാർത്ത പുറത്തുവന്നതോടെ അഭിനന്ദിച്ചവരും കൂട്ടത്തിലുണ്ട്.
1916 മുതലാണ് മൈസൂർ സാൻഡൽ സോപ്പ് നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും വന്‍ ജനപ്രീതിയുള്ള സോപ്പാണിത്. മൈസൂർ രാജാവായ കൃഷ്ണരാജ വാഡിയാർ നാലാമൻ 1900ങ്ങളുടെ തുടക്കത്തിലാണ് ബെംഗളൂരുവില്‍ സോപ്പ് ഫാക്ടറി സ്ഥാപിച്ചത്. അതിനാൽ, ഈ ബ്രാൻഡിന് കർണാടകയിൽ സാംസ്കാരിക പ്രാധാന്യമുണ്ടെന്നും പറയപ്പെടുന്നു. നിലവിൽ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ആണ് മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്നത്.