
മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ വിലക്കി. ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇരു കമ്പനികള്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ പുറത്താക്കി. ടീം ലീഡര്‍ ഓഫ് കണ്‍സള്‍ട്ടന്റ് രാജ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. ഐഐടിയിലെ പ്രഫസര്‍ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകത കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു.

ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതകളില്‍ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലായാണ് വിള്ളല്‍ കണ്ടെത്തിയത്.