
ലണ്ടന്‍: ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍നിന്നും സ്വര്‍ണ ടോയ്ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി. ഇംഗ്ലണ്ടിലെ ബെര്‍ക്ക്ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോ ആണ് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തില്‍നിന്നും രക്ഷപ്പെട്ടത്. മോഷ്ടാക്കള്‍ ഫ്രെഡിനെ കേസില്‍ പെടുത്തുകയായിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഒക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ഫ്രെഡ് ഡോയുടെ ശിക്ഷ റദ്ദാക്കിയത്.
ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കറ്റേലന്‍ ആണ് ‘അമേരിക്ക’ എന്ന് പേരുള്ള 18-കാരറ്റ് സ്വര്‍ണ ടോയ്ലെറ്റിന്റെ സ്രഷ്ടാവ്. പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ടോയ്ലെറ്റ് ഒക്സ്ഫോര്‍ഡ്ഷെയറിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ സ്ഥാപിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സോളമന്‍ ആര്‍. ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് ഈ സ്വര്‍ണ ടോയ്ലെറ്റ് നിര്‍മിക്കപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അഞ്ചുപേര്‍ ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ അതിക്രമിച്ചുകയറി സ്വര്‍ണ ടോയ്ലെറ്റ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാക്കള്‍ വൈകാതെ പോലീസ് പിടിയിലായി. ഇവര്‍ക്കൊപ്പമാണ് ഫ്രെഡ് ഡോയെയും പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

മോഷണ സ്വര്‍ണം വില്‍ക്കാനായി തന്നെ ബന്ധപ്പെട്ടവരോട് രണ്ടുമിനിറ്റിനുള്ളില്‍ വിറ്റുതരാം എന്ന് പറഞ്ഞ ഫ്രെഡിന് 21 മാസത്തെ തടവുശിക്ഷയായിരുന്നു കോടതി ആദ്യം വിധിച്ചത്.എന്നാല്‍ പിന്നീട്, തനിക്ക് മോഷ്ടാക്കളെ മുന്‍പരിചയം ഇല്ലെന്നതും നേരത്തെ ഇത്തരത്തിലുള്ള ഒരു കേസിലും ഇയാള്‍ ഉള്‍പെട്ടിട്ടില്ല എന്നതും കോടതിയില്‍ ബോധിപ്പിക്കാന്‍ ഫ്രെഡിനായി. ഫ്രെഡിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.