CrimeNEWS

സ്വര്‍ണം ചോദിച്ചിട്ടു നല്‍കിയില്ല, സഹോദരിയെ മര്‍ദിച്ചു, വീഡിയോയിലൂടെ അമ്മയെയും അപമാനിച്ചു; ‘പച്ചപ്പുര പ്രശ്‌നകുമാറി’നെതിരേ കേസ്

ആലപ്പുഴ: സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദ്ദിച്ച യൂട്യൂബ് വ്‌ലോഗര്‍ക്കെതിരെ കേസടുത്ത് പൊലീസ്. മണ്ണഞ്ചേരി സ്വദേശിയായ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗ്രീന്‍ ഹൗസ് ക്ലീനിംഗ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ‘പച്ചപ്പുര പ്രശ്‌നകുമാര്‍’ എന്നറിയപ്പെടുന്ന രോഹിത്ത്. സഹോദരിയായ റോഷ്നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്.

മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റോഷ്നിയെ രോഹിത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. റോഷ്‌നിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതിയിലുളളത്. ഇന്നലെ റോഷ്നി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതി നല്‍കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ രോഹിത്ത് സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇയാള്‍ക്കെതിരെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Signature-ad

കുടുംബ വഴക്കിന് പിന്നാലെ അമ്മയേയും പരാതിക്കാരിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനല്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയ വഴിയും രോഹിത്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. റോഷ്നിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുകൂട്ടരും തയ്യാറാകാത്ത സാഹചര്യത്തിലാണ് കേസെടുത്തത്.

 

 

Back to top button
error: