IndiaNEWS

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി ഡാര്‍ക്ക് വെബില്‍ സജീവം, പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവച്ചുവെന്ന് കണ്ടെത്തല്‍

മുംബയ്: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാദ്ധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ഡാര്‍ക്ക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. ആക്ടിവിസ്റ്റും സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബാ സൈദീക് (26) ആണ് അറസ്റ്റിലായത്.

റിജാസ് ഡാര്‍ക്ക് വെബില്‍ പ്രകോപനമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് ഡാര്‍ക്ക് വെബിലെ റിജാസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി റിജാസിന്റെ മൊബൈല്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സൈബര്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. റിജാസിനെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ്.

Signature-ad

നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് റിജാസ് അറസ്റ്റിലായത്. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് റിജാസിനെതിരെ ചുമത്തിയിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും പെന്‍ ഡ്രൈവുകളുമടക്കം നിരവധി രേഖകള്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കസ്റ്റഡിയിലെടുത്തിരുന്നു. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും കണ്ടെടുത്തു.

കാശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ വീടുകള്‍ പൊളിച്ചതിനെതിരെ ഏപ്രില്‍ 29ന് എറണാകുളം പനമ്പിള്ളിനഗറില്‍ ഇയാളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ ഇയാളെയടക്കം എട്ടുപേരെ എറണാകുളം സൗത്ത് പൊലീസ് അന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഈ കേസിന്റെ വിവരങ്ങളും എ.ടി.എസ് ശേഖരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം നാഗ്പൂരിലെത്തിയപ്പോഴാണ് പെണ്‍സുഹൃത്തിനൊപ്പം റിജാസിനെ പൊലീസ് പിടികൂടിയത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചിരുന്നു.

 

 

Back to top button
error: