Breaking NewsIndiaNEWS

സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് കേരളം നിർമിക്കും ചെലവ് തമിഴ്‌നാട് വഹിക്കണം, ബേബി ഡാമിനെ ബലപ്പെടുത്താൻ മരം മുറിക്കാൻ സുപ്രിംകോടതി അനുമതി, അറ്റകുറ്റപ്പണികൾ കേരളാ ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമിനെ ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് സുപ്രീംകോടതിയുടെ അനുമതി. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികൾ നടത്താമെന്നാണ് സുപ്രീംകോടതി നിർദേശം. മാത്രമല്ല മേൽനോട്ടസമിതി ശിപാർശ ചെയ്ത അറ്റകുറ്റപ്പണികൾ അണക്കെട്ടിൽ നടത്തണമെന്നും നിർദേശമുണ്ട്.

അതേസമയം കേരളത്തിലെ ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. പക്ഷെ റോഡ് കേരളം നിർമ്മിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം. ഡോർമിറ്ററിയുടെ അറ്റക്കുറ്റപ്പണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി.

Signature-ad

നേരത്തെ മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്നാട് സുപ്രീം കോടതിയിൽ വാദിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള തമിഴ്നാടിൻറെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്‌ചക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Back to top button
error: