വിദേശത്തേക്കു പോകാനിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; വിസ റദ്ദാക്കലിനും ജോലി നഷ്ടപ്പെടലിനും ഇന്‍ഷുറന്‍സ് കവറേജ്; പഠനം പാതിവഴിയിലാക്കി മടങ്ങേണ്ടിവന്നാലും പേടിക്കേണ്ട; പുതിയ പദ്ധതികളുമായി കമ്പനികള്‍

ന്യൂഡല്‍ഹി: വിദേശ പഠനത്തിനു പ്രതീക്ഷയോടെ വിമാനം കയറുന്നവര്‍ക്കു മുന്നില്‍ നിരവധി കടമ്പകളാണു കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നതോടെ വിദേശ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസ റദ്ദാക്കല്‍ മുതല്‍ പഠനശേഷം ജോലി ഉറപ്പില്ലാത്തതും ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്.
ഈയൊരു പ്രശ്നത്തിന് പ്രതിവിധിയായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍. വീസ റദ്ദാക്കലും ജോലി നഷ്ടവും ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ കവര്‍ ചെയ്യുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍.

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തു നിന്ന് വിദേശത്തേക്കുള്ള ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. യു.കെ, കാനഡ, ഓസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. കുടിയേറ്റം വര്‍ധിച്ചതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത കോളജുകളില്‍ പഠനത്തിനായി ചേര്‍ന്ന പലര്‍ക്കും തിരിച്ചു പോകേണ്ട സ്ഥിതിവിശേഷവും സംജാതമാകുന്നുണ്ട്.
വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പഠനം പാതിവഴിയിലാക്കി തിരികെ മടങ്ങേണ്ടി വന്നാലോ ജോലി കിട്ടിയ ശേഷമുള്ള മടക്കത്തിനോ ആവശ്യമായ ചെലവുകള്‍ ഈ പോളിസികള്‍ വഴി കവര്‍ ചെയ്യപ്പെടും.
വിദേശത്ത് നിന്ന് എടുക്കുന്ന സമാന രീതിയിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകളേക്കാള്‍ കുറഞ്ഞ ചെലവേ ഇന്ത്യന്‍ കമ്പനികള്‍ അവതരിപ്പിക്കുന്ന പ്ലാനിന് വരുന്നുള്ളൂ. ഒരു ലക്ഷം ഡോളര്‍ സം അഷ്വേര്‍ഡുള്ള പ്ലാനിന് വിദേശത്ത് മൂന്നു ലക്ഷം രൂപ വരെയാണെങ്കില്‍ ഇന്ത്യയിലിത് 33,000 രൂപയ്ക്ക് ലഭിക്കും.
ചെറിയ തുകയ്ക്ക് കവറേജ് ലഭിക്കുന്നതിനാല്‍ ഒരു ലക്ഷം മുതല്‍ പത്തുലക്ഷം ഡോളര്‍ വരെ കവര്‍ ചെയ്യുന്ന പോളിസികളെടുക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഐ.സി.ഐ.സി.ഐ ലംബാര്‍ഡ്, ബജാജ് അലിയന്‍സ് തുടങ്ങിയ കമ്പനികള്‍ ഇത്തരം പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.