
മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെയാണ് സ്ഥലം മാറ്റിയത്.
ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെയാണ് സ്ഥലംമാറ്റം ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ വനം വകുപ്പ് പറയുന്നത്. നേരത്തെതന്നെ ഈ കടുവയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെ ഡിഎഫ്ഒ കാര്യമായെടുത്തില്ല എന്ന ഒരു ആരോപണവും ഉണ്ട്.

തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയാണ് ധനിക് ലാലിന് നിയമനം. നിലവിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയ കെ രാകേഷ് ആണ് പുതിയ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ. കടുവാ ദൗത്യത്തിനിടെത്തന്നെ ഡിഎഫ്ഒയെ സ്ഥലംമാറ്റിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.