
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍പ് സിപിഎം സ്ഥാനാര്‍ഥി. 2015 തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ബെയ്‌ലിന്‍ ദാസ് മത്സരിച്ചത്.പൂന്തുറയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ ബെയ്‌ലിന്‍ ദാസ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ലന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

അതേസമയം, മൂന്നു ദിവസമായിട്ടും ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രതി നീക്കം തുടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി.