
കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയില്‍ നടന്നത് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകമാണ് എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്ത അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജോജോ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എസ്‌ഐ തസ്തികയില്‍ ജോലി ചെയ്യുന്ന വിനയ കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളാണ് ഇരുവരുമെന്ന് റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു
നെടുമ്പാശേരിക്കടുത്തുള്ള നായത്തോട് ഭാഗത്ത് സിഐഎസ്എഫുകാര്‍ അടക്കം ഒട്ടേറെ പേര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ വച്ചാണ് പ്രതികളും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നത് എന്ന് ഐവിന്‍ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാര്‍ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. താന്‍ പൊലീസിനെ വിളിക്കാമെന്നു പറയുന്നതും കേള്‍ക്കാം. ഇംഗ്ലിഷിലാണ് സംസാരം. ഇതിനിടെ ഒട്ടേറെ വാഹനങ്ങള്‍ ഇരു കൂട്ടര്‍ക്കുമിടയിലൂടെ കടന്നു പോകുന്നുണ്ട്.

കുറച്ചു സമയത്തെ തര്‍ക്കത്തിനു ശേഷം സിഐഎസ്എഫുകാര്‍ കാര്‍ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചു പോകാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാതെ പോകാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി ഐവിന്‍ ഇവരുടെ കാറിന്റെ മുന്നില്‍ കയറി നിന്ന് ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതോടെ സിഐഎസ്ഫുകാര്‍ ഐവിനെ ഇടിച്ച് തെറുപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു.
‘ബോണറ്റില്‍ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയില്‍ ഒരു കിലോമീറ്ററോളം ദൂരമോടിച്ച് രാത്രി 10 മണിയോടെ നായത്തോടുള്ള സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്’ പ്രതികള്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബോണറ്റില്‍ ആളിനേയും വലിച്ചിഴച്ചുകൊണ്ടു അമിത വേഗത്തില്‍ വന്ന കാറിനെ നാട്ടുകാര്‍ തടയുകയായിരുന്നു. കാര്‍ ബ്രേക്കിട്ടതോടെ താഴെ വീണ ഐവിനെ 20 മീറ്ററോളം നിലത്തുകൂടി ഉരച്ചുകൊണ്ട് വന്നാണ് കാര്‍ നിന്നത്. അപ്പോള്‍ തന്നെ ഐവിന്‍ മരിച്ചതു പോലെയാണ് കാണപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വിനയകുമാര്‍ ദാസും റോഡരുകില്‍ അബോധാവസ്ഥയിലെന്ന പോലെ കിടക്കുന്നതു കാണാം. തുടര്‍ന്ന് പൊലീസും ആംബുലന്‍സുമെത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐവിന്‍ അവിടെ ചെന്നപ്പോള്‍ തന്നെ മരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ മോഹനെ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇരുവരെയും ചോദ്യം ചെയ്യുകയാണ്.
വിമാനക്കമ്പനികള്‍ക്ക് ആഹാരം തയാറാക്കി നല്‍കുന്ന സ്വകാര്യ കാറ്ററിങ് ഗ്രൂപ്പില്‍ 11 മാസം മുന്‍പാണ് ഐവിന്‍ ജോലിക്ക് കയറിയത്. നെടുമ്പാശേരിയില്‍ തന്നെയായിരുന്നു ജോലി. ഐവിന്റെ പിതാവ് ജിജോ ജെയിംസ് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. മാതാവ് റോസ്‌മേരി ജിജോ പാലാ ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ഏക സഹോദരി അലീന ജിജോ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍.