KeralaNEWS

ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി

കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു.

Signature-ad

കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചത്. പരിശോധനയില്‍ 50 കിലോയോളം കേടായ ചിക്കന്‍ കഷ്ണങ്ങളും മറ്റും കണ്ടെത്തി. ഈ കെട്ടിടത്തോടു ചേര്‍ന്നാണ് ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇവിടെയും ചീഞ്ഞ ഭക്ഷണ പദാര്‍ഥങ്ങളായിരുന്നു നിരത്തിയിട്ടിരുന്നത്. മാംസവും പച്ചക്കറികളുമെല്ലാം കാലാവധി കഴിഞ്ഞ് ചീഞ്ഞ അവസ്ഥയിലായിരുന്നു. ഈ സ്ഥാപനം കരാര്‍ എടുത്തു നടത്തുന്നത് ആരെന്ന് അറിയില്ല എന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.

Back to top button
error: