
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വന്‍തിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിമോചന പോരാട്ടം. ഇപ്പോഴിതാ പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാകിസ്ഥാന്‍ സൈന്യത്തിനെതിരായ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തു.
ദക്ഷിണേഷ്യയില്‍ ഒരു പുതിയ ക്രമം അനിവാര്യമായിരിക്കുന്നുവെന്ന് കാട്ടി ബിഎല്‍എ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രാദേശിക മാറ്റത്തെക്കുറിച്ചും ബിഎല്‍എ മുന്നറിയിപ്പ് നല്‍കി. വിദേശ പ്രോക്സി എന്ന ആരോപണങ്ങള്‍ തള്ളിയ ബിഎല്‍എ, തങ്ങള്‍ പ്രദേശത്തെ നിര്‍ണായകമായ പാര്‍ട്ടി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളില്‍ 71 ആക്രമണങ്ങള്‍ നടത്തിയതായും ബിഎല്‍എ അവകാശപ്പെട്ടു.

‘ഏതെങ്കിലും ഒരു ശക്തിയുടെയോ രാജ്യത്തിന്റെയോ പ്രോക്സിയായി പ്രവര്‍ത്തിക്കുന്നവരാണ് ബലൂച് ദേശീയ പ്രതിരോധ സംവിധാനം എന്നുപറയുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ബിഎല്‍എ കാലാളോ നിശബ്ദ നിരീക്ഷകനോ അല്ല. ഈ പ്രദേശത്തിന്റെ ഭാവിയില്‍ നമുക്ക് അവകാശപ്പെട്ട സ്ഥാനമുണ്ട്. നമ്മുടെ കടമയെക്കുറിച്ചും വ്യക്തമായ അവബോധമുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള സമാധാന, വെടിനിര്‍ത്തല്‍ ചര്‍ച്ചകളെല്ലാം വഞ്ചനാപരമായതും യുദ്ധതന്ത്രവുമാണ്.
കൈകളില്‍ രക്തം പുരണ്ട നാടാണിത്. ലോകത്തില്‍ നിന്ന്, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന്, രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിക്കുകയാണെങ്കില്‍ ബലൂച് രാഷ്ട്രത്തിന് ഈ തീവ്രവാദ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ കഴിയും. ശത്രുക്കളെ നശിപ്പിക്കുന്നത് മാത്രമായിരുന്നില്ല പാക് സൈന്യത്തിനെതിരായി നടത്തിയ ആക്രമണങ്ങളുടെ ലക്ഷ്യം, മറിച്ച് സൈനിക ഏകോപനം, കര നിയന്ത്രണം, പ്രതിരോധ ശേഷി എന്നിവ പരീക്ഷിക്കുക കൂടിയാണ്’- ബിഎല്‍എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.