
കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് അടക്കം മൂന്നു പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതില്‍ വീട്ടില്‍ താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടിലായിരുന്നു ആക്രമണവും മോഷണവും.
കുഞ്ഞമ്മയുടെ കൊച്ചുമകളുടെ ഭര്‍ത്താവായ ഒറ്റക്കാട് പുതുപ്പറമ്പില്‍ അബീഷ് പി.സാജന്‍, കോട്ടമുറി ചിറയില്‍ വീട്ടില്‍ മോനു അനില്‍, കോട്ടമുറി അടവിച്ചിറ പുതുപ്പറമ്പില്‍ വീട്ടില്‍ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്. അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് കുഞ്ഞമ്മയുടെ വീട്ടില്‍ മോഷണം നടത്താമെന്ന് അബീഷ് നിര്‍ദേശിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തിരിച്ചറിയുമെന്നതിനാല്‍ അബീഷ് മോഷണത്തിനു പോയില്ല. വീട്ടിലെത്തിയ മോനു കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ട് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാലയും ഫോണും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബീഷ് മുന്‍പ് തന്റെ അച്ഛന്റെ മാല വീട്ടുകാരറിയാതെ പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവവും കേസിന് വഴിത്തിരിവായതായി എസ്എച്ച്ഒ എം.ജെ.അരുണ്‍ പറഞ്ഞു.