CrimeNEWS

15 കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റസംഭവം: ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതി ആദ്യം കൈമാറിയത് സ്വന്തം പിതാവിന്

കോഴിക്കോട്: മനുഷ്യക്കടത്തുകേസില്‍ തീവണ്ടിയില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ നല്ലളം പോലീസ് അസമിലെത്തി വീണ്ടും പിടികൂടി. അസം ഉപലേശ്വര്‍ വില്ലേജിലെ ഭവാനിപുര്‍ സ്വദേശി നസീദുല്‍ ഷെയ്ക്കി(21)നെയാണ് നല്ലളം പോലീസിലെ പ്രത്യേകസംഘം പിടികൂടിയത്.

2023 ഒക്ടോബറില്‍ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് നസീദുല്‍ ഷെയ്ക്കിനെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മേയില്‍ ഹരിയാണ സ്വദേശി സുഷില്‍കുമാറി(35)നെ നല്ലളം പോലീസ് അറസ്റ്റുചെയ്തിരുന്നു.

Signature-ad

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2023-ലാണ് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതിയെത്തുന്നത്. അന്വേഷണത്തില്‍ ശാരദാമന്ദിരത്ത് ജോലിചെയ്തിരുന്ന അസം സ്വദേശിയായ നസീദുല്‍ ഷെയ്ക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്ന് മനസ്സിലായി. തുടര്‍ന്ന് നല്ലളം പോലീസ് സൈബര്‍സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ 2024 മേയില്‍ പെണ്‍കുട്ടിയെ ഹരിയാണയില്‍നിന്ന് കണ്ടെത്തി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ നസീദുല്‍ ഷെയ്ക്ക് തന്റെ പിതാവായ ലാല്‍സണ്‍ ഷെയ്ക്കിനു കൈമാറുകയും ഇയാള്‍ 25,000 രൂപ വാങ്ങി ഹരിയാണ സ്വദേശിയായ സുഷില്‍കുമാറിന് നല്‍കുകയുമായിരുന്നെന്ന് കണ്ടെത്തി. ഈസമയം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. എന്നാല്‍, കേസിലെ പ്രധാനപ്രതിയായ നസീദുല്‍ ഷെയ്ക്കിനെയും പിതാവിനെയും പോലീസിന് അന്ന് കണ്ടെത്താനായില്ല.

സൈബര്‍സെല്ലിന്റെ നിരന്തര അന്വേഷണത്തിനൊടുവില്‍ 2024 ഒക്ടോബറില്‍ അസമിലെ ഭവാനിപ്പുരില്‍നിന്ന് നസീദുല്‍ ഷെയ്ക്കിനെ നല്ലളം പോലീസ് പിടികൂടി. തുടര്‍ന്ന് തീവണ്ടിമാര്‍ഗം നാട്ടിലേക്കുകൊണ്ടുവരുമ്പോള്‍ ബിഹാറിലെ കാട്ടിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിനിര്‍ത്തുന്നതിനിടെ നസീദുല്‍ ഷെയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്ന് കേസന്വേഷിച്ചിരുന്ന നല്ലളം സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കുനേരേ വകുപ്പുതലനടപടിയുമുണ്ടായി.

സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്‍, ഫറോക്ക് അസി. കമ്മിഷണര്‍ എ.എം. സിദ്ദീഖ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിലാണ് പ്രതി അസമിലുണ്ടെന്നവിവരം ദിവസങ്ങള്‍ക്കുമുന്‍പ് വീണ്ടും പോലീസിനുലഭിക്കുന്നത്. തുടര്‍ന്ന് നല്ലളം പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അസമിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, പോക്‌സോ വകുപ്പുകള്‍ചേര്‍ത്താണ് നസീദുല്‍ ഷെയ്ക്കിന്റെപേരില്‍ കേസെടുത്തത്. പെണ്‍കുട്ടിയെ ഹരിയാണ സ്വദേശിക്ക് കൈമാറിയ നസീദുല്‍ ഷെയ്ക്കിന്റെ പിതാവിനെ പിടികൂടാനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇയാളും ഒളിവിലാണ്.

Back to top button
error: