Breaking NewsLead NewsSportsTRENDING

രോഹിത്ത് നായകനായി തുടരുമോ? ഉറപ്പു നല്‍കാതെ ബിസിസിഐ; ഗില്‍ ഉപനായകനാകും; ‘ഇടക്കാല’ നായകനാകാന്‍ താത്പര്യം അറിയിച്ച് സീനിയര്‍ താരം; സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും താത്പര്യമില്ല!

ബംഗളുരു: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) അവസാന ആഴ്ചകളിലേക്കു കടന്നതിനു പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വീണ്ടും ചര്‍ച്ചയില്‍. ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി തുടരുമോയെന്ന ചര്‍ച്ചകള്‍ പലവഴിക്കു നടക്കുന്നുണ്ട്. തല്‍ക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നായകസ്ഥാനത്തു തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച രോഹിത്തിന്, ആഗ്രഹപ്രകാരം നായകനായി തുടരാനാകുമോയെന്ന് വ്യക്തമല്ല. ടീമിലുണ്ടാകുമെന്ന് തീര്‍ച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള സുവര്‍ണാവസരമായിട്ടാണ് പ്രബലവിഭാഗം ആരാധകര്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തെ കാണുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, താരം തന്നെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

Signature-ad

അതിനിടെ, ജസ്പ്രീത് ബുമ്രയെ ഉപനായക സ്ഥാനത്തുനിന്ന് നീക്കി ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഏകദിന, ട്വന്റി20 ടീമുകളുടെ ഉപനായകന്‍ ഗില്ലാണ്.

രോഹിത്ത് മാറുന്ന സാഹചര്യം വന്നാല്‍ പുതിയ നായകന്‍ വരുന്നതുവരെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയാറാണെന്ന് ഒരു മുതിര്‍ന്ന താരം ബിസിസിഐയ്ക്കു മുന്നില്‍ ‘ഓഫര്‍’ വച്ചെങ്കിലും, സെലക്ടര്‍മാരോ പരിശീലകരോ ബിസിസിഐയോ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നായകസ്ഥാനത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണിക്കാവുന്ന ഒരാളെയാണ് പരിശീലകന്‍ ഗൗതം ഗംഭീറിനും താല്‍പര്യമെന്നാണ് വിവരം. താല്‍ക്കാലിക സംവിധാനങ്ങളോട് അതുകൊണ്ടുതന്നെ ഗംഭീര്‍ താല്‍പര്യം കാണിക്കുന്നുമില്ല.

 

Back to top button
error: