CrimeNEWS

കമന്റിന് ലൈക്കടിച്ച് പരിചയം; ഒടുവില്‍ ഭര്‍ത്താവിന്റെ ജീവനെടുത്തു; മിനി നമ്പ്യാരുടെ അറസ്റ്റ് 40 ദിവസത്തിന് ശേഷം

കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. മിനിക്ക് ഗൂഡാലോചനയില്‍ പങ്കുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പരിയാരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 20ന് വൈകിട്ടാണ് കൈതപ്രത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിക്കുന്നത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം മിനി നമ്പ്യാര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തി. സന്തോഷിനു തോക്ക് നല്‍കിയ സിജോ ജോസഫിനെയും രണ്ടാഴ്ച മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Signature-ad

സന്തോഷും വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മിനിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നറിഞ്ഞ് ഇവരുടെ ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ചു ജീവന്‍ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നു പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് മിനിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മിനിയും സന്തോഷും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാര്‍ച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണന്‍ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു.

കൊലപാതകത്തിനു മുന്‍പും നടന്നശേഷവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകം നടന്ന സമയത്ത് മിനി അടുത്തുതന്നെയുള്ള വാടകവീട്ടിലുണ്ടായിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി വന്നില്ല എന്നതും പൊലീസിന്റെ സംശയത്തിനു കാരണമായി.

ഒരു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പിനു പ്രതി സന്തോഷ് അഭിപ്രായം രേഖപ്പെടുത്തി. ഇതിനു മിനി ലൈക്ക് നല്‍കി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഈ പരിചയം വീട്ടിലെത്താന്‍ ഇരുവരും സഹപാഠികളാണെന്നു ഭര്‍ത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. സഹപാഠി ബന്ധത്തില്‍ പുതിയ വീട് നിര്‍മിക്കാനുള്ള ചുമതലയും സന്തോഷിനു നല്‍കി.

എന്നാല്‍, മിനിയുടെയും സന്തോഷിന്റെയും ഇടപെടലില്‍ സംശയം തോന്നിയ രാധാകൃഷ്ണന്‍ മിനിയുമായി വാക്ക് തര്‍ക്കം ഉണ്ടായി. പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നു മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടില്‍ താമസമാക്കി. ഈ വീട്ടില്‍ പലപ്പോഴും സന്തോഷ് എത്താറുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Back to top button
error: