
തിരുവനന്തപുരം: വ്ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരേ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

അതേസമയം, മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് മുകേഷിനെതിരെ മുന്‍പ് എക്‌സൈസ് കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയെന്നതിനാണ് കേസ്. മൂന്നു കേസുകളാണ് മുകേഷിനെതിരെ രജിസ്റ്റര്‍ ചെയ്തത്.
ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ ചെയ്യുന്നു എന്ന പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്‌സൈസ് കേസെടുത്തത്. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. ഇതിനു പിന്നാലെ
കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. കൊല്ലത്ത് ബാറിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഇയാള്‍ പരസ്യത്തില്‍ അഭിനയിച്ചു എന്നാണ് കേസ്. അബ്കാരി ചട്ടം പ്രകാരം ബാറുകള്‍ക്കു പരസ്യം പാടില്ല. ഈ നിയമം ചൂണ്ടികാട്ടിയായിരുന്നു കേസ്.