
കാസര്‍കോട്: ഒട്ടേറെ മദ്യ-മയക്കുമരുന്ന് കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവിനെ സമര്‍ഥമായി കുടുക്കി എക്സൈസ് അധികൃതര്‍. പൈവെളിഗെ ഗ്രാമപ്പഞ്ചായത്ത് പെര്‍മുദ കൂടാല്‍ മെര്‍ക്കളയിലെ എടക്കാന വിഷുകുമാര്‍ (34) ആണ് അറസ്റ്റിലായത്.
എക്സൈസ് അധികൃതര്‍ പറയുന്നതിങ്ങനെ: 2019, 21, 23 കാലങ്ങളില്‍ നിരവധി അബ്കാരി, എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് യുവാവ്. ജാമ്യത്തിലിറങ്ങിയതിനുശേഷം കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ക്കഴിയവെ വിവാഹിതനായ ഇയാളുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാനിടയായി. ഇത് എക്സൈസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെട്ട എക്സൈസ് അധികൃതര്‍ യുവതിയുടെ മേല്‍വിലാസവും തപ്പിയെടുത്തു. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയ എക്സൈസ് ഇയാളെ വലയിലാക്കി.

എക്സൈസ് അധികൃതര്‍ ബേള ധര്‍ബത്തടുക്കയില്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന യുവാവിനെ എക്സൈസ് പൊക്കി. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എം.അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പീതാംബരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ എം.എം.അഖിലേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.