
ന്യൂഡല്‍ഹി: ഡല്‍ഹിക്കു സമീപം ഗാസിയാബാദില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ കുല്‍ദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് അര്‍ബുദമാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാല്‍ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ. ഇക്കാര്യം വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.
ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് കുല്‍ദീപ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാന്‍സറിനെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഒരുമിച്ചു ജീവിക്കാന്‍ പ്രതിജ്ഞയെടുത്തതിനാലാണ് താന്‍ ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്നും ഇതു തന്റെ മാത്രം തീരുമാനമാണെന്നും കുല്‍ദീപ് കത്തില്‍ വ്യക്തമാക്കി. പൊലീസ് സംഘം സംഭവസ്ഥലത്തുനിന്നു തോക്ക് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.