Breaking NewsKeralaLead NewsLIFELife StyleNEWSNewsthen Special

കാട്ടാന ആക്രമണം: ടെന്റ് സ്ഥാപിച്ചത് ആനത്താരയിലെന്ന് ആദിവാസികള്‍ക്ക് ഇടയില്‍ വിമര്‍ശനം; എല്ലാവര്‍ക്കും സുപരിചിതമായ ഇടം; അന്നു രാവിലെയും പ്രദേശത്ത് ആനയെത്തി; മൃഗങ്ങളെ അകറ്റാന്‍ തീകൂട്ടിയത് രാത്രി ഏഴിനുമുമ്പ് മഴയില്‍ കെട്ടത് അറിയാതെ പോയതെങ്ങനെ?

അതിരപ്പിള്ളി: വാഴച്ചാല്‍ കാടര്‍ ഉന്നതിയില്‍ നാലുപേര്‍ കാട്ടനയുടെ ആക്രമണത്തിന് ഇരയായത് കാട്ടുതേന്‍ ശേഖരിച്ചു മടങ്ങിയതിനു പിന്നാലെയെന്നും ആന പോകുന്ന വഴിയായിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും വിമര്‍ശനം. ആനയെ അകറ്റിനിര്‍ത്താന്‍ സാധാരണഗതിയില്‍ തീ കൂട്ടാറുണ്ട്. അന്നുപെയ്ത മഴയില്‍ തീയണഞ്ഞു. രാത്രി ഏഴിനായിരുന്നു കാട്ടാന ആക്രമണം. അതിനുമുമ്പു പെയ്ത മഴയില്‍ തീയണഞ്ഞത് ഇവര്‍ എങ്ങനെ അറിയാതെ പോയെന്ന സംശയവും ഉയരുന്നുണ്ട്.

ഒരാഴ്ച മുമ്പാണ് ഇവര്‍ തേന്‍ ശേഖരിക്കാന്‍ കാടുകയറിയത്. 13ന് വൈകുന്നേരം ഏഴിന് തേനുമായി അതിരപ്പിള്ളിയിലെത്തി കടയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സതീഷ് (36) അംബിക (42) സതീഷിന്റെ ഭാര്യ രമ സതീഷ് (29) അംബികയുടെ ഭര്‍ത്താവ് രവി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഒരാഴ്ചയായി ചാലക്കുടി പുഴയ്ക്കരികിലുള്ള പാറക്കെട്ടില്‍ ടാര്‍പോളിന്‍കൊണ്ടുള്ള താത്കാലിക ടെന്റ് കെട്ടി വിശ്രമിക്കുമ്പോഴാണ് കാട്ടാനകള്‍ കൂട്ടാമായെത്തിയത്. ഭക്ഷണസാമഗ്രികളടക്കം ആനക്കൂട്ടം തകര്‍ത്തു. ഇതിനുമുമ്പുള്ള ദിവസങ്ങളിലൊന്നും ഇവിടെ ആനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍, വേണ്ടത്ര മുന്‍കരുതലെടുക്കാതെ ഇവര്‍ ഇവിടെ കഴിഞ്ഞതില്‍ ആദിവാസി കാടര്‍ വിഭാഗക്കാര്‍ക്കിടയിലും വിമര്‍ശനമുണ്ട്.

Signature-ad

അതിരപ്പിള്ളിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍മാത്രം അകലെയുള്ള നാട്ടുകാര്‍ -കമത്തി- എന്നുവിളിക്കുന്ന സ്ഥലത്താണ് സംഭവം. പകല്‍ ഇവിടെ വനസംരക്ഷണ സമിതിയുടെ (വിഎസ്എസ്) പ്രവര്‍ത്തകരുണ്ടാകും. രാത്രിയോടെ ഇവര്‍ മടങ്ങും. തേന്‍ ശേഖരിക്കുന്നവര്‍ രാത്രിയില്‍ തീകൂട്ടി വിശ്രമിക്കാറാണു പതിവ്. മഴയില്‍ തീകെട്ടത് ടെന്റിനുള്ളിലുള്ളവര്‍ അറിഞ്ഞില്ല.

അപകടമുണ്ടായ പാറക്കെട്ടിനു ചുറ്റും വെള്ളമായതിനാലാണ് ആനകളെത്തുന്ന ശബ്ദം കേള്‍ക്കാതിരുന്നതെന്നു മരിച്ച സതീഷിന്റെ ഭാര്യ രമ പറഞ്ഞു. ആനയുടെ അടിയേറ്റ് അംബിക വെള്ളക്കെട്ടിലേക്കു വീണു. പാറക്കെട്ടിലേക്കു വീണ സതീഷിന്റെ തലയുടെ ഇടതുഭാഗത്താണ് ആന ചവിട്ടിയത്. കാലിലെ തൊലി അടര്‍ന്നുപോയി. ആനയുടെ അടിയേറ്റ് രമ വെള്ളത്തില്‍ വീണെങ്കിലൂം നീന്തി രക്ഷപ്പെട്ടു. രവിക്കു പിന്നാലെ ആനയെത്തിയെങ്കിലും ഉടുമുണ്ടില്‍ മാത്രമാണ് പിടിത്തം കിട്ടിയത്. നീന്തുന്നതിനിടെ തനിക്കു പിന്നാലെ ആനയെത്തിയെന്നും തോളെല്ലിനു പരിക്കേറ്റെന്നും രമ പറഞ്ഞു.

രവിയുടെയും രമയുടെയും കൈയിലുണ്ടായിരുന്ന ഫോണ്‍ നഷ്ടപ്പെട്ടതിനാലാണ് സംഭവം പുറത്തേക്കറിയാന്‍ വൈകിയതെന്നാണു വിവരം. കാട്ടിലേക്കു രക്ഷപ്പെട്ട ഇരുവരും ഇന്നലെ രാവിലെ മടങ്ങിയെത്തി അതിരപ്പള്ളിയിലെ കടയുടമകളോടു പറഞ്ഞപ്പോഴാണു അധികൃതരും വിവരമറിഞ്ഞത്. ഇത്രകാലം കാട്ടില്‍ പോയിട്ടും ആനയുടെ ആക്രമണമുണ്ടാകുന്നത് ആദ്യമെന്നു സതീഷിന്റെ ഭാര്യ രമ പറയുന്നു. ആനയുടെ സാന്നിധ്യമുള്ള മേഖലയാണെങ്കിലും തീകൂട്ടിയാല്‍ അടുത്തേക്ക് എത്താറില്ല. സംഭവ ദിവസവും തീകൂട്ടിയിരുന്നെങ്കിലും മഴയില്‍ അണഞ്ഞു. അതിരപ്പിള്ളിയിലേക്ക് അധികദൂരമില്ലെങ്കിലും രാത്രി ആനയിറങ്ങുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കാനാണ് ടെന്റുകെട്ടി തങ്ങുന്നത്. സംഭവം നടക്കുന്ന അന്നു രാത്രിയാണു മറ്റൊരു സംഘത്തിനൊപ്പം തേന്‍ ശേഖരിച്ചു മടങ്ങിയതെന്നു രമയുടെ ബന്ധുവായ വേണു പറഞ്ഞു. ആനയുടെ ആക്രമണമുണ്ടായ മേഖലയെക്കുറിച്ചു ധാരണയുണ്ടായിരുന്നയാളാണു സതീഷെന്നും മരണവിവരം അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും വേണു കൂട്ടിച്ചേര്‍ത്തു.

വിശ്വസിക്കാനാകാതെ രജിതയും രാജിയും ധന്യയും

അതിരപ്പിള്ളി: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ സ്ഥിരമായി അച്ഛനൊപ്പം കാട്ടിലേക്കു പോകാറുള്ള അംബിക കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചെന്ന സത്യം വിശ്വസിക്കാനാകാതെ കുട്ടികള്‍. അംബികയ്ക്കും ഭര്‍ത്താവ് രവിക്കും ഏറെ പരിചിതമായ സ്ഥലത്താണു ടെന്റുകെട്ടി താമസിച്ചത്. വിഷുവിനു തലേന്നു തിരിച്ചെത്തി ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയിരുന്നു. വിഷുദിനത്തില്‍ വൈകുന്നേരം തിരിച്ചെത്തുമെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്നും ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് അറിയുന്നത് അംബികയുടെ മരണവാര്‍ത്തയാണ്. ആദ്യമാദ്യം തേന്‍ശേഖരിച്ച് എല്ലാ ദിവസവും മടങ്ങിയെത്തിയിരുന്നു. പിന്നീട് ഒരാഴ്ചയോളം താമസിച്ചാണു മടക്കം. ഇടയ്ക്കു രണ്ടാഴ്ചയോളം കാട്ടില്‍ തങ്ങി. വിഷുവിനു മടങ്ങിയെത്തുമെന്നാണു മക്കളെ അറിയിച്ചത്. കാട്ടിലെത്തിയശേഷവും വിഷുവിന്റെ അന്നു രാത്രി എത്തുമെന്നു ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.

 

ജനകീയ ഹര്‍ത്താല്‍: അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 16ന് അവധി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: