ജനകീയ ഹര്‍ത്താല്‍: അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 16ന് അവധി; കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം വീതം ആദ്യ ഗഡു കൈമാറി

അതിരപ്പിള്ളി: ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം കൈമാറി തൃശൂര്‍ ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയില്‍ കളക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവം നടന്ന ഉടന്‍തന്നെ ജില്ലാ കളക്ടര്‍ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികള്‍ ആരാഞ്ഞിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു.

നാട്ടുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് യോഗം വിളിച്ചു ചേര്‍ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്‍സിങ് എന്നിവയുടെ നിര്‍മ്മാണം വേഗം നടപ്പിലാക്കുവാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പരിഗണനയില്‍ വരേണ്ട വിഷയങ്ങള്‍ കാലതാമസം കൂടാതെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
എന്നാല്‍, കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് അതിരപ്പിള്ളിയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തും. മേഖലയിലെ കടകള്‍ അടക്കം അടച്ചിടും. വാഴച്ചാല്‍ വനം ഡിവിഷനിലെ ചാര്‍പ്പ റെയ്ഞ്ചിന് കീഴിലുള്ള അതിരപ്പിള്ളി – വാഴച്ചാല്‍ ഇക്കോടൂറിസം സെന്ററും ഏപ്രില്‍ 16ന് തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല എന്ന് വാഴച്ചാല്‍ വനം ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
#athirappilly #vazhachal #holyday