KeralaNEWS

കേരളം കേഴുന്നു: ഏറ്റുമാനൂരും കരുനാഗപ്പള്ളിയിലും 2 പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം 2 അമ്മമാർ ജീവനൊടുക്കി

     കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ 2 പെൺമക്കൾക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുത്തൻ കണ്ടത്തിൽ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.

കോട്ടയം പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

Signature-ad

കരുനാഗപ്പള്ളി ആദിനാട് പെണ്‍മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം അമ്മയായ താര സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരയും തൊട്ട് പിന്നാലെ പെൺകുട്ടികളും മരിച്ചത്.

കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച്‌ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മീനച്ചിലാറ്റിൽ മക്കളോടൊപ്പം ജീവനൊടുക്കിയ ജിസ്മോൾ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു.

കോട്ടയം അയർക്കുന്നം റോഡിൽ സർ‌വീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ഇവരെ കരയ്ക്കെത്തിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മ​​ഹത്യ. സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്‌മോൾ, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.

ജിസ്മോളുടെ ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതുവരേയും കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൻ്റെ ഞെട്ടലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: