
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ അടക്കയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മംഗളൂര്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിലായത്. കര്‍ണാടക ഉഡുപ്പി മുല്‍ക്കിയിലെ മുഹമ്മദ് ഷെരീഫി(58) ന്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാര്‍ കിണറ്റില്‍ കണ്ടത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയതായി കാസര്‍കോട് അഡീഷണല്‍ പൊലീസ് മേധാവി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെറീഫ് തന്റെ ഓട്ടോ അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്‌കൂള്‍ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് കുത്തി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത്. ഹയര്‍ സ്‌റ്റൈല്‍ മാറ്റിയതിനാല്‍ അഭിഷേകിനെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്നും പൊലിസ് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂര്‍ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി മുതല്‍ മുഹമ്മദ് ഷെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മുല്‍ക്കി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വിവരം മഞ്ചേശ്വരം പൊലീസിനും കൈമാറിയിരുന്നു.
വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ദേഹത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കിണറിന് സമീപം ചോരപ്പാടുകളുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിന് സമീപത്ത് ഇയാളുടെ ഓട്ടോറിക്ഷയും കണ്ടെത്തിയിരുന്നു.