KeralaNEWS

മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മരണം; പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാന്‍ പൊലീസ്

കൊല്ലം: കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണം കണ്ടെത്താനായിട്ടില്ല. മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയും തുടര്‍സംഭവങ്ങളുമാണ് മരണകാരണമെന്ന സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയും രേഖപ്പെടുത്തും.

Signature-ad

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ കേസ്. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇയാള്‍ കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

എന്നാല്‍, പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴില്‍രംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമായിരുന്നു അഡ്വ. മനുവിന്റെ വാദം. റൂറല്‍ എസ് പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയായിരുന്നു കീഴടങ്ങല്‍. കേസില്‍ ജാമ്യത്തിലായിരുന്നു മനു. ഡോ. വന്ദന കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരാകാനാണ് ഇയാള്‍ കൊല്ലത്തെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മനു എന്‍ഐഎ അഭിഭാഷകനും ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: