Breaking NewsNewsthen SpecialSportsTRENDING

മിന്നല്‍ സ്റ്റംപിംഗ്, ബൗളിംഗ് തന്ത്രം, വെടിക്കെട്ട് ബാറ്റിംഗ്: വീണ്ടും കളം നിറഞ്ഞ് ‘തല’; ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാരെ പൂട്ടിക്കെട്ടിയ തന്ത്രം; അടിപൊട്ടേണ്ട അഞ്ച് ഓവറില്‍ ചെന്നൈ നല്‍കിയത് 26 റണ്‍സ് മാത്രം; മഞ്ഞപ്പട വീണ്ടും ട്രാക്കില്‍?

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് നിരന്തര തോല്‍വിയില്‍നിന്നു കരകയറിയതോടെ ധോണിയുടെ ക്യാപ്റ്റന്‍സിയും ചര്‍ച്ചയാകുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. ലഖ്നൗവിനായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഉപകരിച്ചില്ല.

Signature-ad

 

എന്നാല്‍, ബൗളിംഗില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ധോണിയുടെ തന്ത്രങ്ങള്‍ക്കു കഴിഞ്ഞതാണു താരതമ്യേന താഴ്ന്ന സ്‌കോറില്‍ ലക്‌നൗവിനെ എത്തിച്ചത്. ഒപ്പം അവസാന ഓവറുകളില്‍ വേഗമേറിയ ഇന്നിംഗ്‌സ്‌കൂടി കാഴ്ചവച്ചതോടെ ധാണി ടീമിനു ജയം ഉറപ്പിക്കുകയായിരുന്നു. 11 പന്തില്‍ ഒരു സിക്‌സും നാല് ഫോറും സഹിതം 26 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഇംപാക്ട് പ്ലെയറായത്തിയ ശിവം ദുബെയാണ് (37 പന്തില്‍ 43 റണ്‍സ്) ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ രചിന്‍ രവീന്ദ്ര 22 പന്തുകളില്‍ 37 റണ്‍സ് നേടി. ഷെയ്ക് റഷീദ് 19 പന്തില്‍ 27 റണ്‍സുമെടുത്തു. ദുബെയും ധോനിയും ചേര്‍ന്ന് 57 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രാഹുല്‍ ത്രിപാഠി (9), രവീന്ദ്ര ജഡേജ (7), വിജയ് ശങ്കര്‍ (9) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

എകാന സ്റ്റേഡിയത്തിലെ പിച്ചില്‍ പേസര്‍മാരേക്കാള്‍ സ്ലോ ബൗളര്‍മാര്‍ക്കാണ് ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയെന്നു വ്യക്തമായതോടെ ബൗളര്‍മാരെ മികച്ചരീതിയില്‍ ഉപയോഗിക്കുകയായിരുന്നു ധോണി. 13-17 ഓവറുകള്‍ക്കിടയില്‍ 26 റണ്‍സ് മാത്രമാണു വിട്ടുനല്‍കിയത്. ഒരു വിക്കറ്റേ് വീഴ്ത്താന്‍ കഴിഞ്ഞുള്ളൂവെങ്കിലും അടിച്ചുതകര്‍ക്കേണ്ട സമയത്തു റണ്‍റേറ്റ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതു നേട്ടമായി.

12-ാം ഓവറില്‍ ഇംഗ്ലീഷ് പേസര്‍ ജാമി ഒവേര്‍ട്ടന്‍ എറിഞ്ഞ പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ കടന്നു. 14 റണ്‍സാണു വിട്ടുകൊടുത്തത്. മൂന്നു വിക്കറ്റിനു 95 റണ്‍സെന്ന നിലയിലാണ് ലഖ്നൗ 12-ാം ഓവര്‍ അവസാനിപ്പിച്ചത്. 29 റണ്‍സോടെ ക്യാപ്റ്റന്‍ റിഷഭ് പന്തും 20 റണ്‍സുമായി ആയുഷ് ബദോനിയുമായിരുന്നു ക്രീസില്‍. ഏഴു വിക്കറ്റുകള്‍ കൈവശമുള്ളതിനാല്‍ ബാക്കി എട്ടോവറില്‍ 80-90 റണ്‍സ് അടിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ 13-ാം ഓവറില്‍ പതിരാനയെ കൊണ്ടുവന്നു. വഴങ്ങിയത് എട്ടുറണ്‍സ് മാത്രം.

രണ്ടോവറില്‍ എട്ടു റണ്‍സ് വഴങ്ങിയ നൂര്‍ അഹമ്മദിനെ അടുത്ത സ്പെല്ലിനായി ധോണി തിരിച്ചുവിളിക്കുമെന്നു കരുതിയെങ്കിലും രവീന്ദ്ര ജഡേജയെയാണു പന്ത് ഏല്‍പ്പിച്ചത്. നാലാമത്തെ ബോളില്‍ അപകടകാരിയായ ആയുഷ് ബദോനിയെ (22) ജഡേജ മടക്കി. ധോണിയുടെ മിന്നല്‍ സ്റ്റംപിങാണ് ബദോനിയെ വീഴ്ത്തിത്. ഈ ഓവറില്‍ നാലു റണ്‍സാണു വിട്ടുകൊടുത്തത്.

15-ാം ഓവറില്‍ നൂറിനെ തിരികെ കൊണ്ടുവന്ന ധോണി എല്‍എസ്ജിയെ ശരിക്കും പൂട്ടി. ഈ ഓവറില്‍ ലഖ്നൗവിനു ലഭിച്ച് രണ്ടു സിംഗിളുകള്‍ മാത്രം. ശേഷിച്ച നാലും ഡോട്ട് ബോളുകളാവുകയും ചെയ്തു. 16-ാം ഓവര്‍ പതിരാനയ്ക്കായിരുന്നു. ഒരു സിക്സര്‍ വഴങ്ങിയെങ്കിലും ഒമ്പതു റണ്‍സ് മാത്രമേ പതിരാന വഴങ്ങിയുള്ളൂ. 17-ാം ഓവറില്‍ നൂറിനെ പരീക്ഷിക്കാനുള്ള ധോണിയുടെ നീക്കവും വിജയം കണ്ടു. വെറും മൂന്നു റണ്‍സ് മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍ വഴങ്ങിയത്. 12-ാം ഓവറില്‍ മൂന്നു വിക്കറ്റിനു 95 റണ്‍സിലുണ്ടായിരുന്ന എല്‍എസ്ജി 17-ാം ഓവറില്‍ നാലിന് 121ലേക്കു ഒതുങ്ങി.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ അര്‍ധ സെഞ്ചുറിയാണ് ടീം സ്‌കോറില്‍ നിര്‍ണായകമായത്. ചെന്നൈ നിരയില്‍ മതീഷ് പതിരണയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ടുവീതം വിക്കറ്റുകളുണ്ട്.

49 പന്തുകള്‍ നേരിട്ടാണ് പന്ത് 63 റണ്‍സ് നേടിയത്. നാലുവീതം ഫോറും സിക്സും ഇന്നിങ്സിലുണ്ട്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (6) ആദ്യ ഓവറില്‍ത്തന്നെ മടങ്ങി. മിച്ചല്‍ മാര്‍ഷ് (30), നിക്കോളാസ് പുരാന്‍ (8), ആയുഷ് ബദോനി (22), അബ്ദുല്‍ സമദ് (20), ഷാര്‍ദുല്‍ ഠാക്കൂര്‍ (6) എന്നിങ്ങനെയാണ് മറ്റു പ്രകടനങ്ങള്‍. ലഖ്നൗവിനായി രവി ബിഷ്ണോയ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ദിഗ്വേഷ് സിങ് രതി, ആവേശ് ഖാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റുവീതം നേടി.

 

 

Back to top button
error: